100 പേര്‍ പോയത് കുടുംബത്തോടെ; മൂന്നു വര്‍ഷംകൊണ്ട് കേരളത്തില്‍ നിന്ന് 149 പേര്‍ കൂടി ഐഎസില്‍ ചേര്‍ന്നു

കൊച്ചി: മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്തു നിന്നു 149 പേര്‍ കൂടി ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. 100 പേര്‍ കുടുംബത്തോടെയാണു പോയതെന്നും ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടിലുള്ളതായി അറിയുന്നു. ഇവരുമായി സംസ്ഥാനത്തു ബന്ധം പുലര്‍ത്തുന്നവര്‍ നിരീക്ഷണത്തിലാണ്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 149 പേരാണു 2017, 2018, 2019 വര്‍ഷങ്ങളില്‍ ഐഎസില്‍ എത്തിയത് എന്നാണു കേന്ദ്ര ഏജന്‍സിക്കു ലഭിച്ച വിവരം. ഇതിനു പുറമേ, വയനാട്ടുകാരായ 3 പേര്‍ ഇറാനിലെത്തി തിരികെ വന്നു. 32 പേരെ ഗള്‍ഫ് രാജ്യങ്ങളില്‍ പിടികൂടി 6 മാസം തടവിലിട്ട ശേഷം നാട്ടിലേക്കു തിരിച്ചയച്ചു.

ഇസ്തംബുള്‍ ദേവാലയം കാണാന്‍ പോകുന്നുവെന്നാണു ഗള്‍ഫില്‍ പിടിക്കപ്പെട്ടവരുടെ യാത്രാരേഖയില്‍ ഉണ്ടായിരുന്നത്. ഐഎസ് താവളത്തിലെത്തിയ യുവാവ് അവിടത്തെ ദുരിതം വിവരിച്ച് അയച്ച ടെലിഗ്രാം സന്ദേശം കേന്ദ്ര ഇന്റലിജന്‍സിനു ലഭിച്ചതിനെത്തുടര്‍ന്നു വിദേശ ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചെങ്കിലും കൊല്ലപ്പെട്ടുവെന്നാണു പിന്നീട് അറിഞ്ഞത്. ഐഎസിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത നടപടി ആരംഭിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ റിക്രൂട്‌മെന്റ് നടക്കുന്നില്ലെന്നാണു നിഗമനം.

2016ല്‍ സംസ്ഥാനത്തു നിന്നു 24 പേരെ കാണാതായതു സംബന്ധിച്ച അന്വേഷണത്തിലാണ് അവര്‍ ഐഎസില്‍ ചേര്‍ന്നതായി എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയത്. ചിലര്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. കേരളത്തിലെ ഐഎസ് സാന്നിധ്യത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സും സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡും (എസ്ടിഎസ്) അന്വേഷിക്കുമെന്നു ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

FOLLOW US PATHRAMONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7