വേണ്ടിവന്നാല്‍ പ്രധാനമന്ത്രിയുടെ വീടിനുമുന്നില്‍ ധര്‍ണ നടത്തും

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഗവര്‍ണര്‍ നിയമസഭ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ രാഷ്ട്രപതിയെ കാണുമെന്നും വേണ്ടിവന്നാല്‍ പ്രധാനമന്ത്രിയുടെ വീടിനുമുന്നില്‍ പ്രതിഷേധിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട്. നിയമസഭ വിളിച്ചില്ലെങ്കില്‍ രാജ്ഭവന്‍ ജനം വളയുമെന്ന് വെള്ളിയാഴ്ച അദ്ദേഹം ഭീഷണിമുഴക്കിയിരുന്നു.

നിയമസഭ തിങ്കളാഴ്ച വിളിച്ചുചേര്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇതിനുള്ള കത്തില്‍ കൂടുതല്‍ വിശദീകരണമാവശ്യപ്പെട്ട് ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. ഭരണഘടന അനുശാസിക്കുന്നപ്രകാരംമാത്രമേ സഭ വിളിച്ചുചേര്‍ക്കൂവെന്നാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രിയെ അറിയിച്ചത്. ഇതോടെ, സംസ്ഥാനത്തെ രാഷ്ട്രീയാനിശ്ചിതത്വം തുടരുമെന്നുറപ്പായി. 21 ദിവസത്തെ നോട്ടീസ് നല്കിയേ സഭ വിളിക്കാനാവുവെന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ അത്രയുംകാലം തങ്ങളുടെ എം.എല്‍.എ.മാരെ ജയ്പുരിലെ ഹോട്ടലില്‍ പാര്‍പ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ വെള്ളിയാഴ്ച രാജ്ഭവനുമുന്നില്‍ ധര്‍ണയിരുന്നതില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അതൃപ്തിയറിയിച്ചു. ഭൂരിപക്ഷമുണ്ടെങ്കില്‍ തിടുക്കപ്പെട്ട് എന്തിനാണ് വിശ്വാസപ്രമേയം ആവശ്യപ്പെടുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. ഇതേത്തുടര്‍ന്ന് നിയമസഭാകക്ഷിയോഗവും മന്ത്രിസഭായോഗവും വീണ്ടും വിളിച്ചുചേര്‍ത്ത ഗെലോട്ട്. നിയമസഭവിളിക്കുന്നതിന് എല്ലാ വശങ്ങളും വ്യക്തമാക്കി ഗവര്‍ണര്‍ക്ക് പുതുക്കിയ കത്തുനല്‍കാന്‍ തീരുമാനിച്ചു.

രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ ബി.ജെ.പി.ക്ക് പങ്കുണ്ടെന്നാരോപിച്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, രാജ്യത്തെ ജനങ്ങള്‍ക്ക് സത്യമറിയാന്‍ നിയമസഭ ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതിനിടെ രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പണമൊഴുക്കി അട്ടിമറിക്കുന്ന ബി.ജെ.പി. നിലപാടുകള്‍ക്കെതിരേ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ദേശവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ രാഷ്ട്രീയ അധാര്‍മികപ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെപ്പോലും ദുരുപയോഗപ്പെടുത്തുന്നത് ജനങ്ങള്‍ക്കുമുന്നിലെത്തിക്കാനാണിതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു.

‘സ്പീക്ക് ഫോര്‍ ഡെമോക്രസി’ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഞായറാഴ്ച പ്രചാരണം നടത്തും. തിങ്കളാഴ്ച എല്ലാ സംസ്ഥാനങ്ങളിലും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ രാജ് ഭവനുകള്‍ക്കുമുന്നില്‍ ‘സേവ് ഡെമോക്രസി-സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍’ എന്ന പേരില്‍ പ്രക്ഷോഭവുമുണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യപ്രോട്ടോകോളുകള്‍ പാലിച്ചായിരിക്കും സമരമെന്ന് വേണുഗോപാല്‍ അറിയിച്ചു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7