കൊച്ചി : തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യാൻ എൻഐഎയുടെ മുന്നൊരുക്കങ്ങൾ. കൊച്ചി യൂണിറ്റിൽ ഒരുക്കിയ പ്രത്യേക മുറിയിലായിരിക്കും ചോദ്യം ചെയ്യുക.
ന്യൂഡൽഹി, ഹൈദരാബാദ് എൻഐഎ യൂണിറ്റുകളിലെ വിദഗ്ധരായ ഉദ്യോഗസ്ഥരും ഇതിനായി ഇന്നു കൊച്ചിയിലെത്തും. സ്വർണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.
കേസിൽ കസ്റ്റംസ്, എൻഐഎ സംഘങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളും കണ്ടെത്തിയ വിവരങ്ങളും അറസ്റ്റിലായ പ്രതികളുടെ മൊഴികളും പഠിച്ച ശേഷം തയാറാക്കിയ ചോദ്യാവലിയാണു ശിവശങ്കറിനെ കാത്തിരിക്കുന്നത്.
കസ്റ്റംസ് അന്വേഷിക്കുന്ന സ്വർണക്കടത്തു കേസിൽ അദ്ദേഹം പ്രതിയാകുമോ അതോ എൻഐഎ അന്വേഷിക്കുന്ന ഭീകരപ്രവർത്തന കേസിൽ മുഖ്യസാക്ഷിയാകുമോ എന്നറിയാൻ ചോദ്യംചെയ്യൽ പൂർത്തിയാകണം. സ്വർണക്കടത്തിനും ഭീകരപ്രവർത്തനത്തിനും ബോധപൂർവം സഹായിക്കുമെന്നു കരുതുന്നില്ലെന്നും പിന്നെ എന്തുകൊണ്ട് ഇതു സംഭവിച്ചുവെന്നു ശിവശങ്കർ തന്നെ വ്യക്തമാക്കണമെന്നും മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ തിരുവനന്തപുരത്തെ ചോദ്യംചെയ്യലിൽ പറഞ്ഞു. ഇതോടെ വികാരാധീനനായ ശിവശങ്കറിന് ആലോചിച്ചു മറുപടി നൽകാൻ അന്വേഷണ സംഘം കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.
ശിവശങ്കറെ കാത്തിരിക്കുന്നത് കടുപ്പമേറിയ ചോദ്യങ്ങൾ. കസ്റ്റംസിന് നൽകിയ മൊഴിയിലും കഴിഞ്ഞദിവസം എൻഐഎക്ക് നൽകിയ മറുപടികളിലും കാര്യമായ വൈരുധ്യമുള്ളതിനാൽ ഉത്തരങ്ങൾ ഏറെ നിർണായകമാകും. ശിവശങ്കർ സ്വർണക്കടത്തു സംഘത്തിനു താവളമൊരുക്കി നൽകിയെന്ന നിലപാടിലാണ് അന്വേഷണസംഘം. അവിടെ വച്ച് സംഘം സ്വർണക്കൈമാറ്റം നടത്തിയതിന് ഉൾപ്പെടെ തെളിവുകളുണ്ട്. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള മറുപടികളാണു ശിവശങ്കർ നൽകിയതെങ്കിൽ തിങ്കളാഴ്ച അതല്ല തങ്ങൾക്കു വേണ്ടതെന്ന സൂചനയാണ് അന്വേഷണസംഘം നൽകുന്നത്.