സ്വര്‍ണക്കടത്തിനും പണം കൈമാറ്റത്തിനും നക്ഷത്ര ഹോട്ടലുകളും ഫ്‌ലാറ്റുകളും വിജന സ്ഥലങ്ങളും മറയാക്കി

തിരുവനന്തപുരം: സ്വര്‍ണക്കടത്തിനും പണം കൈമാറ്റത്തിനും തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലുകളും ഫ്‌ലാറ്റുകളും വിജന സ്ഥലങ്ങളും മറയാക്കിയെന്നു കേസിലെ മുഖ്യപ്രതി പി.എസ്. സരിത്. തലസ്ഥാനത്ത് 10 കേന്ദ്രങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനിടെയായിരുന്നു കുറ്റസമ്മതം. സെക്രട്ടേറിയറ്റിനു സമീപം വ്യാജരേഖകളും വ്യാജ സീലും നിര്‍മിച്ച കട സരിത് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കു കാണിച്ചു കൊടുത്തു. കൂട്ടുപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും വീടുകളില്‍ കൊണ്ടുപോയും തെളിവെടുത്തു.

സന്ദീപ് നായരുടെ അരുവിക്കര പത്താംകല്ലിലെ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പു നടത്തിയത്. ഇവിടെ വച്ചാണു സരിത് പലപ്പോഴും സന്ദീപിനു സ്വര്‍ണം കൈമാറിയിരുന്നത്. നേരത്തേ എന്‍ഐഎ ഇവിടെ നിന്നു ഫോണുകളും ഇലക്ട്രോണിക് ഉപകരണവും പിടിച്ചെടുത്തിരുന്നു. സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്‌ലാറ്റായിരുന്നു അടുത്ത കേന്ദ്രം. പിന്നീടാണ് ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു കൊണ്ടുപോയത്. കുറവന്‍കോണത്തെ ആളൊഴിഞ്ഞ പാര്‍ക്കിങ് ഏരിയ, നന്ദാവനത്തെ ബാര്‍ ഹോട്ടല്‍, കേശവദാസപുരത്തെ ഫര്‍ണിച്ചര്‍ കടയുടെ മുന്‍വശം, കവടിയാറിലെ വഴിയോരം എന്നിവിടങ്ങളെല്ലാം സ്വര്‍ണം കൈമാറാനുള്ള സുരക്ഷിത ഇടങ്ങളാക്കി സ്വപ്നയും സരിത്തും മാറ്റിയിരുന്നു.

കത്തുകള്‍ തയാറാക്കിയതു തിരുവല്ലത്തെ സ്ഥാപനത്തിലാണെന്നു സരിത് സമ്മതിച്ചു. തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു. സരിത്തിനെ സ്വന്തം വീട്ടിലും മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ വാടകയ്‌ക്കെടുത്ത സ്റ്റാച്യുവിലെ ഹെദര്‍ ഫ്‌ലാറ്റിലും എത്തിച്ചു തെളിവെടുത്തു. ഇവിടെ സ്വപ്നയ്ക്കായി വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റിലും തെളിവെടുത്തു. പുലര്‍ച്ചെ കൊച്ചിയില്‍നിന്നു തിരിച്ച എന്‍ഐഎ സംഘം 11നാണു തലസ്ഥാനത്തെത്തിയത്. ആദ്യം പൊലീസ് ക്ലബില്‍ സരിത്തിനെ എത്തിച്ചു.

അതിനു 10 മിനിറ്റ് മുന്‍പാണു സംരക്ഷണം ആവശ്യപ്പെട്ടു സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിനെ എന്‍ഐഎ സമീപിച്ചത്. 3 ഉദ്യോഗസ്ഥരാണ് എന്‍ഐഎ സംഘത്തിലുണ്ടായിരുന്നത്. പിന്നീട് റവന്യു ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണു തെളിവെടുപ്പു തുടങ്ങിയത്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7