സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം. രോഗവ്യാപനം കുറവുള്ള മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ ശ്രമിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഓണത്തിന് ശേഷമാവും രോഗവ്യാപനം കുറവുള്ള മേഖലകളില്‍ സ്കൂളുകള്‍ തുറക്കുന്നത് പരിഗണിക്കുക. സംസ്ഥാനത്തെ ഓരോ ജില്ലയിലും കോവിഡ് വ്യാപന തോത് വ്യത്യസ്തമാണ്. പല ജില്ലകള്‍ക്കുള്ളിലെ വിവിധ പഞ്ചായത്തുകളിലും രോഗ വ്യാപനത്തിന്റെ തീവ്രതയില്‍ വ്യത്യാസമുണ്ട്.
സെപ്തംബറിലും സ്കൂളുകള്‍ തുറക്കാനായില്ലെങ്കില്‍ സിലബസ് വെട്ടിച്ചുരുക്കും. എന്നാല്‍ നിലവില്‍ അത്തരമൊരു ആലോചന പരിഗണിക്കുന്നില്ല. സ്കൂളുകളില്‍ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ്. മഴ ശക്തമായാല്‍ ആളുകളെ ഇവിടെ മാറ്റി പാര്‍പ്പിക്കാന്‍ ഉപയോഗിക്കേണ്ടി വരും. ഇങ്ങനെ വന്നാല്‍ സ്കൂളുകള്‍ അണിനശീകരണം നടത്തണം.
ജൂലൈ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ രാജ്യത്തെ കോവിഡ് വ്യാപനം പരിഗണിച്ച് ഈ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നീട്ടാനും സാധ്യതയുണ്ട്.