സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണം നീളുന്നത് യു.എ.ഇ. കോണ്‍സുലേറ്റിലേക്കെന്ന് റിപ്പോര്‍ട്ട്. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ മാനേജര്‍ ഹാലിദിനെ എന്‍.ഐ.എ. ചോദ്യംചെയ്തു. ഇയാളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത് സ്വര്‍ണക്കടത്തില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക്.
കോണ്‍സുലേറ്റിന്റെ ചുമതലക്കാരെല്ലാം സംശയനിഴലിലാണെങ്കിലും ഇവര്‍ ഇതിനോടകം രാജ്യംവിട്ടു. അന്വേഷണത്തിന് ഇവരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) കരുതുന്നത്. യു.എ.ഇ. അറ്റാഷെയുടെ തിരുവന്തപുരത്തെ ഫഌറ്റില്‍ എന്‍.ഐ.എ. തെരച്ചില്‍ നടത്തിയെങ്കിലും സന്ദര്‍ശക രജിസ്റ്ററില്‍ വിശദവിവരങ്ങളൊന്നുമില്ലാത്തത് അന്വേഷണസംഘത്തെ അമ്പരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ യു.എ.ഇ. സര്‍ക്കാര്‍ നല്‍കിയ സംഭാവന മുഴുവനായി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടോ എന്നതും സംശയത്തില്‍. ഇക്കാര്യം അന്വേഷണ പരിധിയില്‍ വരില്ലെങ്കിലും കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന വന്‍തട്ടിപ്പിന്റെ ചുരുളാണഴിയുന്നത്. സ്വപ്‌നയും സംഘവും തലസ്ഥാനത്ത് അഞ്ചിലധികം വീടുകള്‍ വാടകയ്‌ക്കെടുത്തത് സ്വര്‍ണം കൈമാറുന്നതിനാണെന്ന് എന്‍.ഐ.എ. കരുതുന്നു.
അഞ്ചുമാസത്തിനിടെ സ്വപ്‌ന വാടകയ്‌ക്കെടുത്തത് രണ്ട് വീട് ഉള്‍പ്പെടെ നാല് കെട്ടിടങ്ങളായിരുന്നു. പിന്നീട് ഒരു ഫഌറ്റും. സന്ദീപ് നായരുടെ ബ്യൂട്ടി പാര്‍ലറിലും വര്‍ക്ക്‌ഷോപ്പിലും ഉള്‍പ്പെടെ ഏഴിടങ്ങളില്‍വച്ച് സ്വര്‍ണ കൈമാറി. സ്വര്‍ണം കടത്താന്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ വാഹനവും മറയാക്കി. സന്ദീപിനെയും സ്വപ്‌നയെയും എത്തിച്ചുളള തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.
സ്വപ്‌നയ്ക്ക് സഞ്ചരിക്കാന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനം വിട്ടുനല്‍കിയിരുന്നു. ഈ വാഹനത്തില്‍ സരിത്ത് എത്തി കത്ത് കാണിച്ച് ബാഗ് കൈക്കലാക്കും. വാടകയ്‌ക്കെടുത്ത വീടുകളില്‍വച്ചു ബാഗ് തുറന്ന് ഉദ്യോഗസ്ഥരുടെ പേരില്‍ വന്ന വസ്തുക്കള്‍ കോണ്‍സുലേറ്റിലേക്കുളള ബാഗിലും സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ മറ്റ് ബാഗിലേക്കും മാറ്റും.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് സ്വര്‍ണം അടങ്ങിയ ബാഗ് അയയ്ക്കുന്നതെങ്കിലും നയതന്ത്ര സുരക്ഷ ലഭിക്കാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ കത്ത് ഉപയോഗിച്ചിരുന്നു. ഇത് വ്യാജമായി തയാറാക്കിയെന്നാണ് സംശയം. കോണ്‍സുലേറ്റ് വാഹനത്തില്‍ വിമാനത്താവളത്തില്‍ സരിത്ത് എത്തിയത് മാധ്യമപ്രവര്‍ത്തകനോടൊപ്പമായിരുന്നു. ഈ മാധ്യമപ്രവര്‍ത്തകനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് കേന്ദ്രങ്ങള്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്റെ തലസ്ഥാനത്തെ വീട്ടില്‍ സ്വപ്‌നയും സന്ദീപും വന്നിരുന്നു.
അതേസമയം ദുബായില്‍നിന്നുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ, മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ ഫ്‌ളാറ്റിലെത്തിയിരുന്നെന്ന് വിവരം. അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത സി.സി.ടി.വി. ക്യാമറയില്‍ ഈ ദൃശ്യങ്ങളുണ്ട്. സ്വപ്ന ഫ്‌ളാറ്റില്‍നിന്ന് പോയതിന് തൊട്ടടുത്തദിവസം രാത്രിയോടെയാണ് ഇവര്‍ ഫ്‌ളാറ്റിലെത്തിയത്.
ഫ്‌ളാറ്റ് സമുച്ചയത്തിലുള്ള ക്യാമറാദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് കസ്റ്റംസിനോട് എന്‍.ഐ.എ. ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഫ്‌ളാറ്റുടമയുടെ മകനില്‍നിന്ന് എന്‍.ഐ.എ. സംഘം വിവരം ശേഖരിച്ചു. ജൂണ്‍ 30ന് തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സിലെത്തിയ പാഴ്‌സല്‍ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് അധികൃതര്‍ തുറന്നത്. ജൂലായ് അഞ്ചിനുതന്നെ സ്വപ്ന താമസസ്ഥലത്തു നിന്നു പോയിരുന്നു. ഇതിനുമുമ്പുള്ള ദിവസം സ്വപ്നയോടൊപ്പം എം. ശിവശങ്കറും കാറില്‍ ഫ്‌ളാറ്റില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചതായാണ് വിവരം.
ജൂലായ് ആറിന് രാത്രിയില്‍ മുഖം മറച്ച നിലയില്‍ നാലുപേര്‍ സ്വപ്നയുടെ ഫ്‌ളാറ്റിലേക്ക് എത്തിയെന്ന സൂചനകളാണ് അന്വേഷണസംഘം നല്‍കുന്നത്. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ താഴത്തെനിലയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഇവര്‍ മുഖം മറച്ച നിലയിലാണ്.
സെക്രട്ടേറിയറ്റിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്നെന്ന് സംശയിക്കുന്ന നാലുപേര്‍ തന്നെയാണ് ഇവരെന്ന് അന്വേഷണസംഘം ഊഹിക്കുന്നു. സ്വപ്ന ഫ്‌ളാറ്റില്‍നിന്ന് പോയ ശേഷം അവിടേക്കെത്തിയ സംഘം എന്തെങ്കിലും രേഖകള്‍ മാറ്റിയിട്ടുണ്ടാകുമെന്ന സൂചനയുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
FOLLOW US: pathram online