സ്വര്‍ണക്കടത്ത് കേസ്; ഇരുപതിലധികം ഹവാല സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ്

കൊച്ചി : തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍ നയതന്ത്ര പാഴ്‌സലില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടിച്ച കേസില്‍ ഇരുപതിലധികം ഹവാല സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കസ്റ്റംസ് കണ്ടെത്തി. പിടിയിലായ 13 പേരില്‍ സരിത് ഒഴിച്ചുള്ള 12 പേര്‍ക്കും നേരിട്ടോ അല്ലാതെയോ ഹവാല സംഘങ്ങളുമായി ബന്ധമുള്ളതായാണു കസ്റ്റംസിനു ലഭിച്ച വിവരം.

കള്ളക്കടത്ത് സ്വര്‍ണം ഇവര്‍ നേരിട്ടും അല്ലാതെയും വിറ്റഴിച്ചതായി മൊഴികളുണ്ട്. ഏറിയ പങ്കും കേരളത്തിനു പുറത്താണു വിറ്റത്. അടുത്ത കള്ളക്കടത്തിനുള്ള പണം സ്വന്തം ഹവാല കണ്ണികള്‍ വഴിയാണ് ഓരോ സംഘവും ദുബായില്‍ ഫൈസല്‍ ഫരീദിനെത്തിച്ചത്.

ഇതിനകം പിടിയിലായ ഓരോരുത്തരും കോടിക്കണക്കിനു രൂപയാണ് ഇറക്കിയത്. ഇവര്‍ മറ്റു ഹവാല ഇടപാടുകാരില്‍ നിന്നു പണം സംഘടിപ്പിച്ചിട്ടുണ്ടാകാമെന്നും സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകാരുടെ എണ്ണം ഇരുപതില്‍ അധികമാകാമെന്നും കസ്റ്റംസ് കരുതുന്നു.

സരിത്തില്‍ നിന്ന് ഏറ്റുവാങ്ങുന്ന കള്ളക്കടത്ത് സ്വര്‍ണം സന്ദീപ് നായര്‍, കെ.ടി. റമീസിനെ ഏല്‍പിക്കുകയാണു ചെയ്തിരുന്നത്. കെ.ടി. റമീസ് ഇത് പി.ടി. അബ്ദു, മുഹമ്മദ് ഷാഫി, എടക്കണ്ടന്‍ സെയ്തലവി, ജലാല്‍ മുഹമ്മദ് എന്നിവര്‍ക്കു നല്‍കും. ഈ 4 പേരാണു കേസില്‍ പിടിയിലായാവരടക്കമുള്ള മറ്റ് ഹവാല ഇടപാടുകാര്‍ക്കു സ്വര്‍ണം പങ്കിട്ടു നല്‍കിയിരുന്നത്.

പിടിയിലായവരില്‍, കോട്ടയ്ക്കല്‍ സ്വദേശി പി.ടി. അബ്ദു ഒഴിച്ചുള്ളവര്‍ സ്വര്‍ണം നല്‍കിയത് എവിടെയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. അബ്ദു വഴി വില്‍പന നടത്തിയ 78 കിലോഗ്രാം സ്വര്‍ണം എവിടെയാണെത്തിയതെന്നതില്‍ ദുരൂഹതയുണ്ട്.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7