പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഡംബര സൗകര്യങ്ങളൊരുക്കി ലക്ഷക്കണക്കിനു രൂപ പൊടിച്ചു; രജിസ്‌ട്രേഷന്‍ ഫീസ് 6,000 രൂപ; സ്വപ്‌ന മുഖ്യ സംഘാടകയായി സര്‍ക്കാര്‍ നടത്തിയ കോണ്‍ക്ലേവില്‍ ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം…

നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് മുഖ്യസംഘാടകയുടെ റോള്‍ വഹിച്ച സ്‌പേസ് കോണ്‍ക്ലേവില്‍ നിന്ന് ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പങ്കെടുത്തില്ല. സംസ്ഥാന സര്‍ക്കാര്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി കോവളത്തു നടത്തിയ കോണ്‍ക്ലേവില്‍നിന്ന് ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വിട്ടുനിന്നത് നടത്തിപ്പിനെക്കുറിച്ചു സംശയം ഉയര്‍ന്നതിനാലാണ് എന്നു സൂചന. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, അവരാരും എത്തിയില്ല. കോണ്‍ക്ലേവ് വെറും ‘ഷോ’ ആയി മാറുകയും ചെയ്തു.

പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഡംബര സൗകര്യങ്ങളൊരുക്കി ലക്ഷക്കണക്കിനു രൂപയാണ് കോണ്‍ക്ലേവിനു വേണ്ടി പൊടിച്ചത്. പ്രതിനിധികളില്‍നിന്ന് 6,000 രൂപ റജിസ്‌ട്രേഷന്‍ ഫീസ് വാങ്ങിയിരുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും 3,000 രൂപ നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പ്രതീക്ഷിച്ചത്ര പ്രതിനിധികള്‍ എത്തിയില്ല. കോണ്‍ക്ലേവിന്റെ സംഘാടനത്തെക്കുറിച്ചും പ്രമുഖര്‍ വിട്ടുനില്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍തന്നെ പിന്നീടു വിമര്‍ശനമുയര്‍ന്നിരുന്നു. സ്വപ്ന സുരേഷിനെക്കൂടാതെ, സ്വര്‍ണക്കടത്തുകേസിലെ ഒന്നാം പ്രതി സരിത്തും സര്‍ക്കാര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തിരുന്നു.

ഇതേസമയം, സര്‍ക്കാര്‍ 2018ലും 2019ലുമായി സംഘടിപ്പിച്ച ഹാഷ് ഫ്യൂച്ചര്‍, കൊച്ചി ഡിസൈന്‍ വീക്ക് എന്നീ പരിപാടികള്‍ക്കു ഗ്രീന്‍ ചാനലിലൂടെ എത്തിയ വിദേശ പ്രതിനിധികളുടെ വിവരം കസ്റ്റംസ് പരിശോധിച്ചു തുടങ്ങി. ഇവയുടെ സംഘാടകന്‍ ഐടി സെക്രട്ടറിയായിരുന്നു. ഈ രണ്ടു പരിപാടികളിലും നിറസാന്നിധ്യമായിരുന്നു സ്വപ്നയും സരിത്തും. ഇവരും പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്ന് എത്തിയ ചിലരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണു കസ്റ്റംസ് പരിശോധിക്കുന്നത്.

സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കില്‍ കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുമണിഞ്ഞ് എത്തിയിരുന്ന സ്വപ്ന സുരേഷ് വല്ലപ്പോഴും മാത്രമുള്ള കാഴ്ച ആയിരുന്നില്ല. എം.ശിവശങ്കറിന്റെ ഓഫിസില്‍ യുവതി ഇടയ്ക്കിടെ എത്തുമായിരുന്നുവെന്നു ജീവനക്കാര്‍ ഓര്‍ക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സരിത നായര്‍ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയോ എന്നു കണ്ടെത്താന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും 2 ആഴ്ചത്തെ ദൃശ്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ ഒന്നും ലഭിച്ചില്ല. പിന്നീട് ഇതിന്റെ ശേഷി 6 മാസമായി വര്‍ധിപ്പിക്കണമെന്നു പൊലീസ് നിര്‍ദേശിച്ചിരുന്നു. കസ്റ്റംസ് അധികൃതര്‍ ഈ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചേക്കും.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7