വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കോവിഡ് രോഗി ആശുപത്രി വാതില്‍ക്കല്‍വെച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ച 48കാരനായ ഡിജെ ഹള്ളി സ്വദേശിയാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. രോഗം സ്ഥിരീകരിച്ച് മൂന്ന് ദിവസത്തിന് ശേഷവും നഗരത്തിലെ ഒരു ആശുപത്രിയില്‍നിന്നും ചികിത്സ ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു.
ഇവിടെ ഇത്രയും വലിയ സര്‍ക്കാര്‍ ഉള്ളതിന്റെ അര്‍ത്ഥമെന്താണെന്ന് അവര്‍ ചോദിച്ചു. ഭര്‍ത്താവിനെ പ്രവേശിപ്പിക്കാന്‍ ആശുപത്രി ഭരണാധികാരികളോട് ഞാന്‍ അപേക്ഷിച്ചു. മൂന്ന് ദിവസമായി ഒരു ആശുപത്രിയില്‍ കിടയ്ക്കക്കായി അലയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
‘അദ്ദേഹത്തിന് ഓക്സിജന്‍ കൊടുക്കാനുള്ള സംവിധാനമുള്ള ഒരു ആംബുലന്‍സ് പോലും ലഭിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹം മരിച്ചത്. ഞാന്‍ എല്ലാ വലിയ ആശുപത്രികളിലും പോയി.’ മൂന്ന് പെണ്‍കുട്ടികളുടെയും ഒരു ആണ്‍കുട്ടിയുടെയും അമ്മയായ അവര്‍ കൂട്ടിച്ചേര്‍ത്തു.
ആകാശ് ആശുപത്രിയിലാണ് അവര്‍ അവസാനമായി എത്തിയത്. ആ ആശുപത്രിയുടെ വാതില്‍ക്കല്‍വെച്ചാണ് രോഗി മരിച്ചത്. ആകാശ് ആശുപത്രിയിയില്‍ ബെഡ് ഉണ്ടെന്നറിഞ്ഞാണ് ചെന്നതെന്നും എന്നാല്‍ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വെന്റിലേറ്റര്‍ ആവശ്യമാണ്. നിലവില്‍ ഒന്ന് പോലും ഒഴിവില്ല. ‘ഞങ്ങള്‍ക്ക് 600 കോവിഡ് കിടക്കകളും 25 ഐസിയു കിടക്കകളും 20 വെന്റിലേറ്ററുകളുമാണുള്ളത്. ഇപ്പോള്‍ 390 രോഗികളുമുണ്ട്’ ആശുപത്രി സുപ്രണ്ട് പ്രതികരിച്ചു. സമാന പ്രതികരണമാണ് മറ്റ് ആശുപത്രികളും നടത്തിയത്.
FOLLOW us: PATHRAM ONLINE