തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിലെ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന് ആശങ്ക. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പൂന്തുറയില്‍നിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ 119 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. പ്രദേശത്തെ കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
പൂന്തുറയില്‍ കോവിഡ് വ്യാപനം തടയാന്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പോലീസ് മേധാവിയും പൂന്തുറയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.
ഒരാളില്‍നിന്ന് 120 പേര് പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര് ദ്വിതീയ സമ്പര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി പുറത്തുനിന്ന് ആളുകള്‍ പൂന്തുറയിലേക്ക് എത്തുന്നത് കര്‍ശനമായി തടയുകയും അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്യും. ഇതുകൂടാതെ, കടല്‍വഴി ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷന്‍ നല്‍കുമെന്നും ഇതിന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു.
പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
10 അംഗ ദ്രുതകര്‍മ സേനയെയാണ് പൂന്തുറയില്‍ വിന്യസിച്ചിട്ടുള്ളത്. പ്രദേശത്ത് ആന്റിജന്‍ പരിശോധനയും ഊര്‍ജിതമായി നടത്തുന്നുണ്ട്. വിഴിഞ്ഞം ഭാഗത്ത് മത്സ്യവിപണനവുമായി ബന്ധപ്പെട്ട യാത്രചെയ്യുന്നവരുടെ ലിസ്റ്റ് തയാറാക്കി അവരെ പരിശോധിക്കും.
പൂന്തുറ, വള്ളക്കടവ് ഭാഗങ്ങളിലായി ഇന്നലെ 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നും അന്‍പതോളം പരിശോധനാ ഫലം പോസിറ്റീവായതായാണ് സൂചന. അതേസമയം, പൂന്തുറയില്‍ ഉള്‍പ്പടെ സ്വീകരിക്കേണ്ട ജാഗ്രതാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നഗരസഭയില്‍ നടക്കുന്ന കക്ഷിനേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്.
ആര്യനാട് പഞ്ചായത്തിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കാരോട് പഞ്ചായത്തിലെ കാക്കവിള, പുതുശ്ശേരി, പുതിയ ഉച്ചക്കട എന്നീ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണ്‍ ആക്കി.
FOLLOW US: pathram online