രാജ്യത്ത് ഏഴ് ലക്ഷത്തിനടുത്ത് രോഗികള്‍ ; ലോകത്ത് നാലാം സ്ഥാനത്ത് ഇന്ത്യ

ന്യൂഡല്‍ഹി: രോഗികള്‍ 6,72,595 ആയതോടെ ഇന്ത്യ റഷ്യയ്ക്കു തൊട്ടുപിന്നിലെത്തി. ലോകത്തു മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ രോഗികള്‍ 6,74,515. മഹാരാഷ്ട്രയില്‍ രോഗികള്‍ 2,00,064 ആയി. ഇന്നലെ മാത്രം 7074 പുതിയ കേസുകള്‍. രാജ്യത്താകെ മരണം 19,276.

മുംബൈയില്‍ പ്രതിദിന കോവിഡ് രോഗികളിലും മരണത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി മഹാരാഷ്ട്ര. 7074 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 295 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 8671. ആകെ രോഗികള്‍ 2,00064. മുംബൈയില്‍ 68 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 4827. നഗരത്തില്‍ ഇന്നലെ 1180 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

ബിജെപി നേതാവും പുണെ മേയറുമായ മുരളീധര്‍ മോഹോളിന് കോവിഡ്. ചെറിയ പനി വന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പുണെയില്‍ പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പറേഷനിലെ എന്‍സിപി കോര്‍പറേറ്റര്‍ ദത്താ സാനെ (54) രോഗം ബാധിച്ചു മരിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ഊബര്‍ മുംബൈയിലെ ഓഫിസ് അടച്ചു. രോഗം സംശയിക്കുന്നവരില്‍ അര മണിക്കൂറിനുള്ളില്‍ രോഗ നിര്‍ണയത്തിനു സഹായിക്കുന്ന ആന്റിജെന്‍ പരിശോധന മുംബൈയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് 237 പൊലീസുകാര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 4000ത്തിലേറെ പേര്‍ക്കു രോഗം. 4280 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1,07001. ചെന്നൈയിലെ രോഗികള്‍ 66538. ഇന്നലെ 65 പേര്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1450 ആയി. 1033 മരണങ്ങള്‍ ചെന്നൈയില്‍.

രോഗവ്യാപനം അതിതീവ്രമായി തുടരുന്ന ചെന്നൈയില്‍ കര്‍ശന ലോക്ഡൗണ്‍ 12 വരെ നീട്ടി. സംസ്ഥാനത്ത് ഇന്നു സമ്പൂര്‍ണ ലോക്ഡൗണ്‍. ജൂണ്‍ 19 മുതല്‍ കര്‍ശന ലോക്ഡൗണ്‍ നിലവിലുള്ള ചെന്നൈയില്‍ നാളെ മുതല്‍ ഇളവുകള്‍ നിലവില്‍ വരും.

1839 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ രോഗികള്‍ 21549. ബെംഗളൂരുവില്‍ ഇതാദ്യമായി ഒറ്റദിവസം ആയിരത്തിലധികം രോഗികള്‍. 1172 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ ആകെ രോഗികള്‍ 8345. 42 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 335. ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. ശനി രാത്രി 8 മുതല്‍ തിങ്കള്‍ രാവിലെ 5 വരെ 33 മണിക്കൂറാണ് നിയന്ത്രണം.

ബെംഗളൂരു മുന്‍ ആര്‍ച്ച് ബിഷപ് ഡോ. ബര്‍ണാഡ് മൊറൈസിന് കോവിഡ്. ഒരു എംഎല്‍സിക്കും രോഗം സ്ഥിരീകരിച്ചു.

FOLLOW US PATHRAMONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7