ബാഴ്‌സലോണ ജഴ്‌സിയില്‍ ഇനി മെസ്സിയെ കാണാന്‍ കഴിയില്ല; ക്ലബ്ബുമായുള്ള കരാര്‍ പുതുക്കാന്‍ താല്പര്യമില്ലെന്ന് താരം; ഇനി എങ്ങോട്ട്?

സ്വപ്നങ്ങളില്‍പോലും ബാര്‍സിലോന ജഴ്‌സിയില്‍ കാണാറുള്ള ലയണല്‍ മെസ്സിയെ മിസ് ചെയ്യുമോ? ഇല്ല എന്നു സ്വയം ആശ്വസിക്കുമ്പോഴും ബാര്‍സ ആരാധകരുടെ നെഞ്ചിടിപ്പു കൂടുകയാണ്. ക്ലബ്ബുമായുള്ള ദീര്‍ഘകാലബന്ധം അവസാനിപ്പിക്കാന്‍ മെസ്സി തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ആക്കം കൂട്ടി താരം ബാര്‍സയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. 2021ലാണു മെസ്സിയും ബാര്‍സയുമായുള്ള നിലവിലെ കരാര്‍ അവസാനിക്കുന്നത്. കരാര്‍ പുതുക്കി വീണ്ടും ക്ലബ്ബില്‍ തുടരാന്‍ മെസ്സിക്കു താല്‍പര്യമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സത്യമായാല്‍ അടുത്ത സീസണോടെ മെസ്സി കറ്റാലന്‍ ക്ലബ്ബിനോടു വിട പറയും.

സ്പാനിഷ് റേഡിയോ സ്‌റ്റേഷനായ കാദിന എസ്ഇആര്‍ ആണ് മെസ്സി പുതിയ കരാറിനു വിസമ്മതിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ക്ലബ്ബിലെ ആഭ്യന്തര പ്രശ്‌നങ്ങളാണു പ്രധാനമായും മെസ്സിയുടെ മനസ്സു മടുപ്പിക്കുന്നത്. ക്ലബ് പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തോമ്യുവുമായും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലുമായും മെസ്സിയുടെ ബന്ധം മുന്‍പു തന്നെ ഉലഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളില്‍ മെസ്സിയെ വിമര്‍ശിക്കാന്‍ ബര്‍ത്തോമ്യു ഏജന്‍സിയെ നിയോഗിച്ചുവെന്ന വാര്‍ത്തയ്ക്കു ശേഷമാണ് മെസ്സിയുമായുള്ള ബന്ധം ഉലഞ്ഞത്.

മുന്‍ പരിശീലകന്‍ ഏണസ്‌റ്റോ വാല്‍വെര്‍ദെയെ പുറത്താക്കാന്‍ ചില മുതിര്‍ന്ന താരങ്ങള്‍ കൂട്ടുനിന്നുവെന്ന അബിദാലിന്റെ പരാമര്‍ശവും മെസ്സിയെ ചൊടിപ്പിച്ചു. ചാവി ഹെര്‍ണാണ്ടസ്, ആന്ദ്രെ ഇനിയേസ്റ്റ, നെയ്മര്‍ തുടങ്ങിയവര്‍ക്കു പകരം നില്‍ക്കുന്ന കളിക്കാര്‍ ടീമില്‍ എത്താതിരുന്നതും അതോടെ കിരീടങ്ങള്‍ അകന്നതും മെസ്സിയെ മടുപ്പിക്കുന്നു. പ്രതീക്ഷയോടെ കൊണ്ടുവന്ന ആര്‍തുര്‍ മെലോ ഉള്‍പ്പെടെയുള്ള താരങ്ങളെ വിട്ടുകളഞ്ഞതും മെസ്സിയെ ചൊടിപ്പിച്ചു.

ബ്രസീല്‍ താരം നെയ്മറെ ടീമില്‍ തിരിച്ചെത്തിക്കണമെന്നു മെസ്സി ക്ലബ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു എന്നത് പരസ്യമായ കാര്യമാണ്. ഇതോടൊപ്പം പരിശീലകനായി മുന്‍ താരം ചാവി ഹെര്‍ണാണ്ടസിനെക്കൂടി ക്ലബ്ബിലെത്തിച്ചാല്‍ മെസ്സിയുടെ അസംതൃപ്തി തീര്‍ന്നേക്കാം എന്ന് സ്പാനിഷ് ഫുട്‌ബോള്‍ നിരീക്ഷകര്‍ പറയുന്നു. ഇപ്പോഴത്തെ കോച്ച് ക്വികെ സെറ്റിയെനുമായും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് എദര്‍ സരാബിയയുമായും മെസ്സിയുടെ ബന്ധം അത്ര മികച്ചതല്ല.

എന്നാല്‍, ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് പിഎസ്ജിക്കു നല്‍കിയ നെയ്മറെ തിരിച്ചു കൊണ്ടുവരാനുള്ള സാമ്പത്തിക ശേഷി ഇപ്പോള്‍ ബാര്‍സയ്ക്കുണ്ടോ എന്നത് സംശയം. അര്‍ജന്റീന ടീമില്‍ മെസ്സിയുടെ സഹതാരമായ ഇന്റര്‍ മിലാന്‍ സ്‌െ്രെടക്കര്‍ ലൗതാരോ മാര്‍ട്ടിനെസിനെ ടീമിലെത്തിക്കാനും ബാര്‍സ അധികൃതര്‍ കുറച്ചു കാലമായി ശ്രമിക്കുന്നുണ്ട്. ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാനെ പകരം നല്‍കി മാര്‍ട്ടിനെസിനെ ടീമിലെത്തിക്കാന്‍ ബാര്‍സ ശ്രമിക്കുന്നുവെന്നാണു പുതിയ വാര്‍ത്ത.

അതേസമയം മെസ്സി ബാര്‍സ വിടുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ എങ്ങോട്ടു പോകുമെന്ന അഭ്യൂഹങ്ങളും സജീവമായി. മെസ്സിയുമായി ദീര്‍ഘകാല ബന്ധമുള്ള പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണു സാധ്യതകളില്‍ മുന്നില്‍. മെസ്സിയെ ടീമിലെത്തിക്കാനുള്ള സാമ്പത്തിക ശേഷി സിറ്റിക്കുണ്ട്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയാണു മറ്റൊരു ക്ലബ്. നെയ്മറും മെസ്സിയും ഒരുമിച്ചാല്‍ തങ്ങളുടെ ചിരകാലാഭിലാഷമായ ചാംപ്യന്‍സ് ലീഗ് കിരീടം പൂവണിയുമെന്നു പിഎസ്ജി ആരാധകരും കരുതുന്നു. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനുമായി മെസ്സി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന വാര്‍ത്ത മുന്‍പു പ്രചരിച്ചിരുന്നു. ഇറ്റലിയിലേക്കു പോവുകയാണെങ്കില്‍ അവിടെയൊരു സൂപ്പര്‍താരം മെസ്സിയെ കാത്തുനില്‍പുണ്ട് – യുവെന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ! അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലേക്കോ ചൈനീസ് സൂപ്പര്‍ ലീഗിലേക്കോ മെസ്സി പോകുമെന്നും അഭ്യൂഹങ്ങളുണ്ട്‌.

follow us pathramonlie

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7