14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയിട്ടും സ്വന്തം വീട്ടിലോ ഭര്‍തൃവീട്ടിലോ സ്വീകരിക്കാന്‍ തയ്യാറായില്ല; രണ്ടു കുഞ്ഞുങ്ങളുമായി യുവതി അലഞ്ഞത് 8 മണിക്കൂര്‍

കോട്ടയം : ബെംഗളൂരുവില്‍ നിന്ന് എത്തി 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയിട്ടും സ്വന്തം വീട്ടിലോ ഭര്‍തൃവീട്ടിലോ സ്വീകരിക്കാന്‍ തയ്യാറായില്ല. പോകാന്‍ മറ്റിടം ഇല്ലാതെ വന്നതോടെ കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിനിയായ യുവതിയും (38) മക്കളായ 7 വയസ്സുകാരിയും 4 വയസ്സുകാരനും കലക്ടറേറ്റില്‍ എത്തിയത്. എട്ട് മണിക്കൂറോളമാണ് രണ്ടു കുഞ്ഞുങ്ങളുമായി ആ അമ്മ അഭയം തേടി അലഞ്ഞത്. താല്‍ക്കാലിക അഭയ സ്ഥാനത്ത് നിന്ന് എങ്ങോട്ട് പോകണമെന്ന് ഇവര്‍ക്ക് ഇനിയും അറിയില്ല.

ഒന്നര വര്‍ഷമായി ബെംഗളൂരുവില്‍ നഴ്‌സിങ് ജോലി ചെയ്തുവരുന്ന യുവതി കുട്ടികളുമായി രണ്ടാഴ്ച മുന്‍!പാണ് കേരളത്തില്‍ എത്തിയത്. പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ 2 ആഴ്ച കഴിഞ്ഞ ശേഷം ഭര്‍ത്താവിനെ വിവരം അറിയിച്ചു.

ഇന്നലെ രാവിലെ ഭര്‍ത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നു വിളിച്ചു കൊണ്ടു വന്നു. കുറുമള്ളൂര്‍ വേദഗിരിയില്‍ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാള്‍ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിര്‍ത്തിയ ശേഷം മടങ്ങി.

വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണില്‍ വിളിച്ചെങ്കിലും നാട്ടില്‍ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ക്വാറന്റീന്‍ കഴിഞ്ഞ ശേഷം എത്തിയാല്‍ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു.വീട്ടില്‍ കയറാന്‍ കഴിയാതെ വന്നതോടെ സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്നാണ് ഇവര്‍ കലക്ടറേറ്റില്‍ എത്തിയത്.

ആനി ബാബു കലക്ടറെ കണ്ട് ഇവരുടെ സ്ഥിതി ബോധ്യപ്പെടുത്തി. കലക്ടര്‍ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാ!ന്‍ നിര്‍ദേശം നല്‍കാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു.

ഭക്ഷണം പോലും കഴിക്കാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഇവരെ ആനി ബാബു ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താല്‍ക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ !കോവിഡ് സംരക്ഷണ കേന്ദ്രത്തിലാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7