പ്രധാനമന്ത്രിക്ക് ചൈനയോടു ‘പ്രത്യേക സ്നേഹവാല്‍സല്യം’ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും ചൈനീസ് പണമൊഴുക്ക്

ന്യൂഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് തുടരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ബിജെപിയുടെ ആരോപണത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണു കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ വന്നെന്ന ഗുരുതരമായ ആരോപണമാണു കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയോടു ‘പ്രത്യേക സ്നേഹവാല്‍സല്യം’ ഉണ്ടെന്ന് ആരോപിച്ച കോണ്‍ഗ്രസ്, പ്രമുഖ ചൈനീസ് കമ്പനികളായ ഷഓമി, ഓപ്പോ, വാവേയ് എന്നിവരുള്‍പ്പെടെ നൂറുകണക്കിനു കോടി രൂപ പിഎം കെയറിലേക്കു സംഭാവന ചെയ്‌തെന്നു പറഞ്ഞു. ഇതിനോടു ബിജെപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോവിഡിനുള്ള പിഎം കെയേര്‍സ് ഫണ്ടിലേക്കുള്ള സംഭാവന പോലെയല്ല സോണിയ ഗാന്ധിയും കുടുംബവും നിയന്ത്രിക്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പോലുള്ള സ്വകാര്യ സംഘടനകള്‍ക്കുള്ള സംഭാവനയെന്നു പാര്‍ട്ടി വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.

‘മേയ് 20ലെ കണക്കുപ്രകാരം പിഎം കെയേഴ്‌സ് ഫണ്ടില്‍ 9678 കോടി രൂപയാണു ലഭിച്ചത്. ചൈനീസ് സൈന്യം നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയ വേളയിലും പ്രധാനമന്ത്രി ചൈനീസ് കമ്പനികളില്‍ നിന്നു ഫണ്ട് സ്വീകരിച്ചു എന്നതു ഞെട്ടിക്കുന്നതാണ്’ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി നേരിട്ടു ബന്ധമുള്ള വാവേയ് നല്‍കിയ 7 കോടി മോദി സ്വീകരിച്ചില്ലേ? സിങ്വി ചോദിച്ചു.

ടിക് ടോക് 30 കോടി തന്നില്ലേ? 38 ശതമാനം ചൈനീസ് ഉടമസ്ഥാവകാശമുള്ള പേടിഎം 100 കോടി നല്‍കിയില്ലേ? ചൈനീസ് കമ്പനി ഷഓമി 15 കോടി രൂപ വാഗ്ദാനം ചെയ്തില്ലേ? ചൈനീസ് കമ്പനി ഓപ്പോ ഒരു കോടി രൂപ സംഭാവന ചെയ്തിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും സിങ്വി പ്രധാനമന്ത്രിയോടു ചോദിച്ചു. പ്രധാനമന്ത്രിയുടെ ‘വ്യക്തിപരമായി’ ഫണ്ട് പോലെയാണു പിഎം കെയേഴ്‌സ് ഫണ്ട് പ്രവര്‍ത്തിക്കുന്നതെന്നും ഓഡിറ്റിങ്ങിനോ വിവരാവകാശ നിയമത്തിനോ വിധേയമല്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7