വകുപ്പ് സെക്രട്ടറിമാര്‍ തമ്മിലുള്ള ഏകോപനമില്ലായ്മക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തതിനും ഐഎഎസ് ഓഫിസര്‍മാര്‍ സ്വന്തം നിലയ്ക്കു തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുന്നതിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പ് സെക്രട്ടറിമാര്‍ തമ്മിലുള്ള ഏകോപനമില്ലായ്മക്കെതിരെ ഉന്നതതല യോഗത്തിലാണു മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പരസ്പരം ആലോചിക്കണം. സമിതി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടാകുന്നത് അംഗീകരിക്കാനാവില്ല. താഴെത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കി തീരുമാനമെടുക്കണം. ഡോക്ടര്‍മാരും ജീവനക്കാരും തുടര്‍ച്ചയായി ജോലി ചെയ്തു ക്ഷീണിച്ചതു രോഗപ്രതിരോധത്തെ ബാധിച്ചെന്നു പറഞ്ഞ മുഖ്യമന്ത്രി, തുടര്‍പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനും കോവിഡ് വിദഗ്ധ സമിതിക്കും വകുപ്പ് സെക്രട്ടറിമാരുമായി അഭിപ്രായ വ്യത്യാസമുണ്ട്. സമൂഹവ്യാപനം സംഭവിച്ചിരിക്കാമെന്ന കാഴ്ചപ്പാടാണു വിദഗ്ധ സമിതിക്കുള്ളത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആ രീതിയില്‍ മാറ്റണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സെക്രട്ടറിമാര്‍ അതിനു വിരുദ്ധമായ നിലപാടാണു സ്വീകരിച്ചത്. സെക്രട്ടറി തലത്തില്‍ ഉത്തരവു പുറത്തിറങ്ങുമ്പോഴാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍. സരിത പോലും വിവരങ്ങള്‍ അറിയുന്നതെന്നു പരാതിയുണ്ട്. വിമാനത്താവളങ്ങളില്‍ എത്തുന്ന പ്രവാസികള്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പിപിഇ കിറ്റ് ശേഖരിച്ചു നശിപ്പിക്കേണ്ട ചുമതലയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തെ ഏല്‍പിച്ചതില്‍ ശക്തമായ എതിര്‍പ്പുണ്ട്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7