മഹാരാഷ്ട്രയില്‍ ഇന്ന് 5,318 പേര്‍ക്ക് കോവിഡ് ; 167 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് (ശനിയാഴ്ച ) 5,318 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരുദിവസം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കേസുകള്‍ ഏറ്റവും ഉയര്‍ന്ന ദിവസമാണിന്ന്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,59,133 അയി. 167 മരണംകൂടി ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 7273 ആയി. 4430 പേര്‍ ശനിയാഴ്ച രോഗമുക്തരായി ആശുപത്രി വിട്ടതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 84,245 ആയി.

മുംബൈയില്‍ മാത്രം 1460 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 41 പേര്‍ മരിച്ചു. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 73,747 ഉം ആകെ മരണം 4242 ഉം ആയി. 27,134 ആക്ടീവ് കേസുകളാണ് മുംബൈയില്‍.

അതിനിടെ, സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘം ശനിയാഴ്ച താനെ ജില്ലയില്‍ സന്ദര്‍ശനം നടത്തി. മരണനിരക്ക് കുറച്ചുകൊണ്ടു വരാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അധികൃതര്‍ക്ക് കേന്ദ്രസംഘം നിര്‍ദ്ദേശം നല്‍കി. താനെയില്‍ മാത്രം 27,479 കേസുകളാണ് ഉള്ളത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളും കോവിഡ് ആശുപത്രികളും അടക്കമുള്ളവ സന്ദര്‍ശിച്ചു. മരണനിരക്ക് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുകയും പരിശോധനകള്‍ വര്‍ധിപ്പിക്കുകയും വേണമെന്ന് ലവ് അഗര്‍വാള്‍ നിര്‍ദ്ദേശിച്ചു.

അതിനിടെ, മഹാരാഷ്ട്രയിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എയ്ക്കും ബിജെപി എംഎല്‍സിയ്ക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താനെ ജില്ലയില്‍നിന്നുള്ള ബിജെപിയുടെ എംഎല്‍സി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അദ്ദേഹവുമായി ഇടപഴകിയ ആളുകളെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്യാനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടുണ്ട്. നന്ദേഡ് ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അദ്ദേഹവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ മൂന്ന് മന്ത്രിമാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അവരെല്ലാം പിന്നീട് രോഗമുക്തരായി ആശുപത്രിവിട്ടു.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7