ഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷം മൂര്ധന്യാവസ്ഥയില് തുടരുന്ന പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ ഇന്ത്യന്‍ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. തങ്ങള്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന ചൈനയുടെ വാദങ്ങള്‍ ഖണ്ഡിക്കുന്നതാണ് ഓസ്ട്രേലിയന്‍ ഉപഗ്രഹ വിശകലന വിദഗ്ധന്‍ നേഥന്‍ റൂസര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍. 8 മലനിരകളുള്ള പാംഗോങ്ങില്‍ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്.
ഇവിടെ 62 സ്ഥലങ്ങളില്‍ മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചു. ഏറ്റുമുട്ടലുണ്ടായ തടാകക്കരയിലും ചൈനീസ് സേനയുടെ ടെന്റുകളുണ്ട്. ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യന്‍ സേന നാലാം മലനിരയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
സംഘര്‍ഷം നിലനില്‍ക്കുന്ന പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്തുള്ള മലനിരകളില്‍ ചൈന നടത്തിയ കടന്നുകയറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍. ഓസ്ട്രേലിയന്‍ ഉപഗ്രഹ വിശകലന വിദഗ്ധന്‍ നേഥന്‍ റൂസര്‍ പുറത്തുവിട്ടത്.
8 മലനിരകളില്‍ എട്ടാമത്തെ മലനിര വരെയാണ് ഇന്ത്യന്‍ അതിര്‍ത്തി. നാലാമത്തേതില്‍ അതിര്‍ത്തി അവസാനിക്കുന്നുവെന്നാണു ചൈനയുടെ വാദം. എട്ടിനും നാലിനുമിടയിലുള്ള മലനിരകള്‍ ഇരുസേനകളും പരസ്പരം പട്രോളിങ് നടത്തുന്ന പ്രദേശമാണ്. എന്നാല്‍, നാലിലേക്ക് അതിക്രമിച്ചു കയറിയ ചൈന ടെന്റുകളും സേനാ സന്നാഹങ്ങളും സ്ഥാപിച്ചതായാണു ദൃശ്യങ്ങളിലുള്ളത്.
അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ തങ്ങളുടെ ഭാഗത്ത് ആരും മരിച്ചിട്ടില്ലെന്ന വാദം ചൈന വിഴുങ്ങി. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തങ്ങളുടെ കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടതായി ഗല്‍വാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇരുസേനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ചൈന അറിയിച്ചു. ഇരുപതില്‍ താഴെ ചൈനീസ് സൈനികര്‍ മരിച്ചതായി അവിടത്തെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് പിന്നാലെ റിപ്പോര്‍ട്ട് ചെയ്തു.
മരണം സംബന്ധിച്ചു ചൈനയുടെ ഭാഗത്തു നിന്നുള്ള ആദ്യ പ്രതികരണമാണിത്. ഘാതക് കമാന്‍ഡോകളടക്കം അണിനിരന്ന ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ചൈനയ്ക്കു ശക്തമായ തിരിച്ചടി നേരിട്ടുവെന്നതിന്റെ സ്ഥിരീകരണമാണിതെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.