തമിഴ് നാട്ടില്‍ ഇന്നും കോവിഡ് കുതിപ്പ് ; 37 മരണം, ആകെ രോഗികള്‍ 62087 ആയി

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് ബാധിച്ച് 37 പേര്‍ മരിച്ചു. 2710 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62,087 ആയി. ആകെ മരണം 794 ആയി. 27,178 ആണ് തമിഴ്നാട്ടിലെ ആക്ടീവ് കേസുകള്‍.

അതിനിടെ തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന് മധുര കോര്‍പ്പറേഷന്‍ പരിധിയില്‍ തമിഴ്നാട് സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂണ്‍ 23 മുതല്‍ 30 ന് അര്‍ധരാത്രി വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍.

വിദേശത്തുനിന്നും വിമാനമാര്‍ഗം സംസ്ഥാനത്തെത്തിയ മൂന്നു പേരും (ഖത്തര്‍ 1, നൈജീരിയ 2) സിംഗപ്പൂരില്‍നിന്നും കപ്പല്‍മാര്‍ഗം എത്തിയ മൂന്നുപേരും ഇന്ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആഭ്യന്തര വിമാനങ്ങളില്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 13 പേര്‍ക്ക് (ഡല്‍ഹി 8, ജമ്മു കശ്മീര്‍ 2, കര്‍ണാടക 1, മഹാരാഷ്ട്രാ 1, ഉത്തര്‍പ്രദേശ് 1) കോവിഡ് സ്ഥിരീകരിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിന്‍ മാര്‍ഗവും റോഡ് മാര്‍ഗവും എത്തിയ 39 പേര്‍ക്കും (കര്‍ണാടക 10, കേരളം 9, മഹാരാഷ്ട്ര 8, ഗുജറാത്ത് 4, ആന്ധ്രാപ്രദേശ് 3, ഡല്‍ഹി 2, രാജസ്ഥാന്‍ 2, തെലങ്കാന 1) വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ പറഞ്ഞു. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയാണ് പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ കാര്യത്തിലും പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സര്‍ക്കാര്‍ മറച്ചുവച്ചിട്ടില്ലെന്നും ജില്ലാ അടിസ്ഥാനത്തിലുള്ള കൃത്യമായ കണക്കുകള്‍പോലും എല്ലാദിവസവും പുറത്തുവിടുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ (75) കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അദ്ദേഹമടക്കം പളനിസ്വാമിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്കാണ് കോവിഡ് ബാധിച്ചത്. പിന്നാലെ മുഖ്യമന്ത്രിയുടെ ഫോട്ടോഗ്രാഫര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മധുര കോര്‍പ്പറേഷന്‍ പരിധിയില്‍ ജൂണ്‍ 23 മുതല്‍ 30 ന് അര്‍ധരാത്രി വരെ തമിഴ്നാട് സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. ആശുപത്രികള്‍, പരിശോധനാ ലാബുകള്‍, മരുന്നുകടകള്‍, ആംബുലന്‍സുകള്‍, മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് അനുമതി.

ആശുപത്രിയില്‍ പോകുന്നതിനോ റെയില്‍വെ സ്റ്റേഷനിലേക്കോ വിമാനത്താവളത്തിലേക്കോ പോകുന്നതിനോ മാത്രമെ സ്വകാര്യ വാഹനങ്ങളും ടാക്സികളും ഓട്ടോറിക്ഷകളും അടക്കമുള്ളവ ഉപയോഗിക്കാന്‍ പാടുള്ളൂ.

സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും 33 ശതമാനം ജീവനക്കാരെവച്ച് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് എത്തേണ്ടതില്ല. എടിഎമ്മുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. റേഷന്‍ കടകള്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമെ പ്രവര്‍ത്തിക്കൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിക്കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും പെട്രോള്‍ പമ്പുകളും രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമെ പ്രവര്‍ത്തിക്കൂ. ഹോട്ടലുകളില്‍നിന്ന് പാഴ്സല്‍ വാങ്ങാന്‍ മാത്രമാണ് അനുമതി.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7