കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു രാജ്‌നാഥ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി വിശദീകരണം നല്‍കിയത്. കോവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടുകൂടിയാണ് രാജ്‌നാഥ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.
സൈനിക മേധാവിമാര്‍ക്ക് പുറമെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും രാജ്‌നാഥ് വിളിച്ച് ചേര്‍ച്ച അടിയന്തര ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. യോഗം ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. സംഭവം വിശദീകരിക്കുന്നതിനായി സൈന്യം വാര്‍ത്തസമ്മേളനം വിളിച്ച് ചേര്‍ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെച്ചു. വൈകീട്ടോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് ആക്രമണവും സംഘര്‍ഷവും സബന്ധിച്ച് വിശദീകരണം നല്‍കുമെന്നാണ് സൂചന.
സംഘര്‍ഷത്തില്‍ ചൈനീസ് ഭാഗത്തും ജീവഹാനി ഉണ്ടായതായി റിപ്പോര്‍ട്ട്. ചൈനീസ് മാധ്യമ പ്രവര്‍ത്തകരാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. കേണല്‍ അടക്കം മൂന്ന് ഇന്ത്യന്‍ സൈനികരാണ് ചൈനീസ് ആക്രണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നോ എത്ര പേര്‍ക്ക് പരിക്കേറ്റെന്നോ വ്യക്തമല്ല.
അഞ്ച് ചൈനീസ് സൈനികര്‍ പേര്‍ കൊല്ലപ്പെട്ടതായും 11 പേര്‍ക്ക് പരിക്കേറ്റതായും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതായി ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തങ്ങള്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് ഗ്ലോബല്‍ ടൈംസ് പിന്നീട് വിശദീകരിച്ചു.