തിരുവനന്തപുരം : സമ്പര്‍ക്കം വഴിയും ഉറവിടം കണ്ടെത്താന്‍ കഴിയാതെയും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോടെ സര്‍ക്കാര്‍. ഇന്നലെ മാത്രം 12 പേര്‍ക്കാണു സമ്പര്‍ക്കം വഴി രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തു മരിച്ച വൈദികനു രോഗം പകര്‍ന്നത് എങ്ങനെയെന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
സമൂഹവ്യാപനം ഇല്ലെന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് 10നു ശേഷം കണ്ടെത്തിയ 906 രോഗികളില്‍ 83 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇതിനു പുറമേ കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പോയ ഒട്ടേറെപ്പേര്‍ക്ക് അവിടെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ മരിച്ച വൈദികന്‍ 43 ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യാത്ര ചെയ്തിട്ടില്ല. മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കവുമുണ്ടായിട്ടില്ല. ആശുപത്രിയില്‍ ഇത്രയേറെ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിട്ടും രോഗം പടര്‍ന്നത് എങ്ങനെയെന്ന ചോദ്യവും ആരോഗ്യവകുപ്പിനു മുന്നിലുണ്ട്.
Follow us _ pathram online