ഒരു ഓവറിലെ എല്ലാ ബോളുകളും സിക്സറിടച്ച യുവിയുടെ മാസ് പ്രകടനം ആരും മറന്നു കാണില്ല. ആദ്യ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലിഷ് താരം സ്റ്റുവാര്‍ട്ട് ബ്രോഡിനെതിരെ ആണ് ഒരു ഓവറില്‍ ആറു സിക്സ് നേടിയത്. എന്നാല്‍ ഈ പ്രകടനം കാഴ്ചവച്ച തന്റെ ബാറ്റിന്റെ കാര്യത്തില്‍ വിവിധ ടീമുകള്‍ക്ക് സംശയങ്ങളുണ്ടായിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വെളിപ്പെടുത്തിയിരിക്കുന്നു. പിന്നീട് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെയും ഇതേ ബാറ്റുപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതോടെ സംശയം കൂടിയതായും യുവരാജ് സിങ് പറഞ്ഞു. 2007ല്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇംഗ്ലിഷ് പേസ് ബോളര്‍ സ്റ്റുവാര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് സിങ് ഒരു ഓവറില്‍ തുടര്‍ച്ചയായി ആറു സിക്സറുകള്‍ നേടിയത്. ഈ മത്സരത്തില്‍ 12 പന്തുകളില്‍നിന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി യുവരാജ് അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡും സ്ഥാപിച്ചിരുന്നു.
സ്പോര്‍ട്സ് ടക്കിനു നല്കിയ അഭിമുഖത്തിലാണ് അന്ന് വിവിധ ടീമുകളിലെ താരങ്ങള്‍ക്ക് തന്റെ ബാറ്റിന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നതായി യുവരാജ് വെളിപ്പെടുത്തിയത്. ‘അന്ന് ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലകനായിരുന്ന വ്യക്തി എന്റെ അടുത്തുവന്ന് ബാറ്റിനു പിന്നില്‍ ഫൈബര്‍ വല്ലതുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് നിയമപരമാണോയെന്നും മാച്ച് റഫറി ബാറ്റ് പരിശോധിച്ചിരുന്നോ എന്നും അന്വേഷിച്ചു. ഇതോടെ ബാറ്റുകൊണ്ടുപോയി പരിശോധിച്ചുനോക്കാന്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അന്ന് ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ആദം ഗില്‍ക്രിസ്റ്റ് പോലും എവിടെനിന്നാണ് നിങ്ങളുടെ (ഇന്ത്യന്‍ താരങ്ങളുടെ) ബാറ്റ് നിര്‍മിക്കുന്നതെന്ന് ചോദിച്ചു’ – യുവരാജ് വെളിപ്പെടുത്തി.
‘താരങ്ങള്‍ക്ക് സംശയം കുടുങ്ങിയതോടെ മാച്ച് റഫറി എന്റെ ബാറ്റ് പരിശോധിച്ചു. സത്യത്തില്‍ എനിക്കേറെ പ്രിയപ്പെട്ട ബാറ്റായിരുന്നു 2007ലെ ട്വന്റി20 ലോകകപ്പില്‍ ഉപയോഗിച്ചിരുന്നത്. അതുപോലൊരു ബാറ്റുകൊണ്ട് പിന്നീട് ജീവിതത്തിലൊരിക്കലും കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. പിന്നീട് 2011 ലോകകപ്പില്‍ ഉപയോഗിച്ചിരുന്ന ബാറ്റും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്’ -യുവരാജ് പറഞ്ഞു.
2007, 2011 ലോകകപ്പുകളില്‍ യുവരാജ് സിങ്ങിന്റെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ കിരീടം ചൂടിയത്. 2011 ഏകദിന ലോകകപ്പില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന്റെ നട്ടെല്ലായിരുന്നു ഈ ഇടംകയ്യന്‍ ബാറ്റ്സ്മാന്. 362 റണ്‍സും 15 വിക്കറ്റും േനടി യുവരാജ് കാഴ്ചവച്ച ഓള്‍റൗണ്ട് പ്രകടനമാണ് സ്വന്തം നാട്ടില്‍ കിരീടമുയര്‍ത്താന്‍ ഇന്ത്യയെ പ്രാപ്തരാക്കിയത്. ഈ ലോകകപ്പില്‍ നാലു മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരങ്ങള്‍ നേടിയ യുവി, ലോകകപ്പിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 2007ലെ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് താരം സ്റ്റ്യുവാര്‍ട്ട് ബ്രോഡിനെതിരെ ഒരു ഓവറില്‍ ആറു സിക്സ് നേടിയതുള്‍പ്പെടെ ക്രിക്കറ്റ് ആരാധകര്‍ നെഞ്ചേറ്റിയ ഒരുപിടി അവിസ്മരണീയ ക്രിക്കറ്റ് നിമിഷങ്ങളാണ് യുവരാജ് സമ്മാനിച്ചത്. അന്ന് 12 പന്തില്‍ യുവരാജ് നേടിയ വേഗമേറിയ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് ഇന്നും ആര്‍ക്കും തകര്‍ക്കാനായിട്ടില്ല. ലോകകപ്പിനു മുന്നോടിയായി ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ധോണിക്കുണ്ടായിരുന്ന തലവേദനയെക്കുറിച്ചും യുവരാജ് വെളിപ്പെടുത്തി.