സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍കോട് 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. 5 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു. 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.

കാസര്‍കോട് 24, എറണാകുളം, മലപ്പുറം, കണ്ണൂര്‍ 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകള്‍. ഇതുവരെ 394 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 147 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 88855 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 88332 പേര്‍ വീടുകളും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇതുവരെ 17400 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ ഏതാണ്ട് മൂന്നിരട്ടി പേര്‍ രോഗമുക്തി നേടി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം തന്നെയാണിത്. ബ്രിട്ടിഷ് എയര്‍വെയ്‌സിന്റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയില്‍നിന്നും തിരുവനന്തപുരത്ത് നിന്നും 268 യാത്രക്കാരുമായി ബ്രിട്ടനിലേക്കു പോയി. കോവിഡ് രോഗം ഭേദപ്പെട്ട 7 വിദേശപൗരന്മാരും ഇതിലുണ്ട്.

സംസ്ഥാനം കോവിഡ് പ്രതിരോധത്തില്‍ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. കേരളത്തിന് പ്രത്യേകം നന്ദി അറിയിച്ചാണ് അവര്‍ പോയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലിരിക്കെ രോഗം ബാധിച്ച 2പേര്‍ ഇന്നു രോഗമുക്തരായി. ഇവിടെ കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ മേയ് 3 വരെ നീട്ടിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ആകെ സംസ്ഥാനം അംഗീകരിച്ചു നടപ്പാക്കുകയാണ്. ഹോട്‌സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ ബാധകമായ നിയന്ത്രങ്ങള്‍, ഉദാഹരണത്തിന് വിമാന യാത്ര, ട്രെയിന്‍, മെട്രോ, മറ്റു പൊതുഗതാഗത മാര്‍ഗങ്ങള്‍ എന്നിവ പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയും നിയന്ത്രണങ്ങളുണ്ട്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയിരിക്കുകയാണ്. എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് തുടരുകയും നടപ്പാക്കുകയും ചെയ്യും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7