കൊറോണ ബാധിതരും ഇല്ലാത്തവരും ലേബര്‍ ക്യാംപില്‍ ഒരുമിച്ച്…’ഇനി എന്നാണ് നാട്ടില്‍ പോയി മക്കളെയും ഭാര്യയെയും കാണാനാകുന്നതെന്ന് അറിയില്ല… കാണാന്‍ പറ്റുമോ എന്നുതന്നെ അറിയില്ല’ കണ്ണീരോടെ പ്രവാസികള്‍

ദുബായ്: ‘കോവിഡ് ബാധയുണ്ടെന്നു പരിശോധനാഫലം കിട്ടിയ ഞങ്ങള്‍ ഇപ്പോഴും ലേബര്‍ ക്യാംപില്‍ കഴിയുകയാണ്. മറ്റുള്ളവരുമായി ഇടപഴകാതിരിക്കാന്‍ പരിമിതിക്കുള്ളിലും പരമാവധി ശ്രദ്ധിക്കുന്നു. രോഗികളായ മറ്റു രാജ്യക്കാര്‍ കറങ്ങി നടക്കുകയാണ്. അവര്‍ മൂലം എത്രപേര്‍ രോഗികളാകുമെന്ന് ആശങ്കയുണ്ട്. കമ്പനി മാനേജരെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നേയില്ല.

പ്രായമായ മറ്റൊരു ചേട്ടനുണ്ട് കൂടെ. അദ്ദേഹത്തിന് ചുമയും മറ്റു ശാരീരിക പ്രയാസങ്ങളുമുണ്ട്. അതു കാണുമ്പോള്‍ സങ്കടമാണ്. ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുമ്പോഴാണ് അല്‍പം ആശ്വാസം. ഇന്നലെ ആരോ മുറിക്കു പുറത്ത് ഐസലേഷന്‍ എന്ന ബോര്‍ഡ് തൂക്കി. അതുമാത്രമാണ് നടന്നത്’ – ദുബായില്‍ ട്രാന്‍സ്‌പോര്‍ട് കമ്പനി ജോലിക്കാരനായ തിരുവനന്തപുരം സ്വദേശിയുടെ വാക്കുകള്‍.

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലേബര്‍ ക്യാംപുകളിലെ ഇന്ത്യക്കാര്‍ ഏറെ ആശങ്കയിലാണ്; രോഗം ബാധിച്ചവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്വാറന്റീന്‍ സൗകര്യമില്ലെന്നതു തന്നെ പ്രധാന കാരണം. തൊഴിലാളികള്‍ക്കു കൃത്യമായ പരിചരണവും ശ്രദ്ധയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ദുബായ് ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാ കമ്പനി അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയെങ്കിലും പാലിക്കപ്പെടുന്നില്ല. പല കമ്പനികളും തങ്ങളെ കയ്യൊഴിഞ്ഞ മട്ടിലാണെന്നു ലേബര്‍ ക്യാംപുകളിലെ കോവിഡ് ബാധിതരായ തൊഴിലാളികള്‍ പറഞ്ഞു

‘ഇനി എന്നാണ് നാട്ടില്‍ പോയി മക്കളെയും ഭാര്യയെയും കാണാനാകുന്നതെന്ന് അറിയില്ല. കാണാന്‍ പറ്റുമോ എന്നുതന്നെ അറിയില്ല’ – രോഗബാധിതനായ കാസര്‍കോട് സ്വദേശി കണ്ണീരോടെ പറയുന്നു.

വര്‍സാനില്‍ പ്രത്യേകം സജ്ജമാക്കുന്ന കെട്ടിടങ്ങളിലേക്കാണ് ദുബായില്‍ ഇപ്പോള്‍ കോവിഡ് ബാധിതരായ തൊഴിലാളികളെ മാറ്റുന്നത്. വന്‍ സജ്ജീകരണങ്ങള്‍ ഒരുങ്ങിവരുന്നു. ദുബായ് ഭരണാധികാരിയുടെ ഓഫിസില്‍ നിന്ന് നേരിട്ട് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിത്തുടങ്ങി. ഇതോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിട്ടുണ്ട്.

ലേബര്‍ ക്യാംപുകളിലെ തൊഴിലാളികളെ മാറ്റുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധ അറിയിച്ച് കഴിഞ്ഞ ആഴ്ച ദുബായ് വിദേശകാര്യ മന്ത്രാലയ അധികൃതര്‍ക്കും ആരോഗ്യവകുപ്പിനും കത്ത് അയച്ചിട്ടുണ്ടെന്നും മറുപടിക്ക് കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി.
കടപ്പാട് മനോരമ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7