രാജ്യത്ത് കൊവിഡ് 19 പടര്‍ന്നുപിടിച്ചതില്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. വിദേശത്തുനിന്ന് രാജ്യത്തേക്ക് എത്തുന്ന എല്ലാവരേയും ക്വാറന്റൈന്‍ ചെയ്യാന്‍ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ഭൂപേഷ് ബാഘേല്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് വിഷയം കേന്ദ്രം കൂടുതല്‍ ഗൗരവമായി എടുക്കണമായിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസ് നേരത്തെതന്നെ റദ്ദാക്കി വിദേശത്തുനിന്നെത്തുന്നവരെ നിരീക്ഷിച്ചിരുന്നെങ്കില്‍ ഇന്ത്യയിലാകെ വൈറസ് വ്യാപിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കൊറോണ പരിശോധന വ്യാപകമാക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 18നാണ് ആദ്യ പോസിറ്റീവ് കേസ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മാര്‍ച്ച് 13ന് തന്നെ മുന്‍കരുതലിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ്, തിയേറ്റര്‍, ഹാള്‍ എന്നിവ അടച്ചു. സംസ്ഥാന അതിര്‍ത്തി അടച്ച് ആവശ്യമായ മുന്‍കരുതല്‍ നടപടി ഛത്തീസ്ഗഢ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതായും ഭൂപേഷ് ബാഘേല്‍ വ്യക്തമാക്കി.
ഏപ്രില്‍ 11ന് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തിലുള്ള അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
11 കൊറോണ പോസിറ്റീവ് കേസുകള്‍ മാത്രമാണ് നിലവില്‍ ഛത്തീസ്ഗഢില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഒമ്പത് പേര്‍ രോഗമുക്തരാവുകയും ചെയ്തു.