കൊറോണ രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള ‘ ചികിത്സ; പരീക്ഷിക്കാന്‍ കേരളവും

കോട്ടയം : കൊറോണ രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള ‘കോണ്‍വലസെന്റ് പ്ലാസ്മ’ ചികിത്സ പരീക്ഷിക്കാന്‍ കേരളവും. കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന ചികിത്സാരീതി നടപ്പാക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ പറഞ്ഞു.

ക്ലിനിക്കല്‍ ട്രയല്‍ നടത്താനുള്ള അനുമതി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐസിഎംആര്‍) നിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചു കഴിഞ്ഞു. ഇനി ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. രോഗം ഭേദമായി 14 ദിവസം രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തതും കോവിഡ് 19 പരിശോധനയില്‍ നെഗറ്റീവ് ആകുകയും ചെയ്തവരില്‍ നിന്നാവും രക്തം സ്വീകരിക്കുകയെന്ന് ചികിത്സാരീതികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ രക്തദാനത്തിനു മുന്നോടിയായി നടത്തുന്ന എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കുകയും ചെയ്യും.

സാധാരണ നിലയില്‍ രക്തദാനത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ ഇളവു ലഭിച്ചാലെ പരീക്ഷണവുമായി മുന്നോട്ടു പോകാന്‍ കഴിയുകയുള്ളുവെന്നും ഡോ. ആശ അറിയിച്ചു. ശ്രീചിത്ര ആയിരിക്കും പ്രധാന കേന്ദ്രം. മറ്റ് അഞ്ചു മെഡിക്കല്‍ കോളജുകള്‍ക്കും ഇതിനുള്ള സൗകര്യമുണ്ടായിരിക്കും. ഓരോ സ്ഥാപനവും എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് ഇതിനുള്ള അനുമതി നേടേണ്ടതുണ്ട്. എത്രയും പെട്ടെന്ന് അനുമതികള്‍ നേടിയെടുത്ത് ക്ലിനിക്കല്‍ ട്രയല്‍ നടത്താനാകുമെന്നും ഡോ. ആശ വ്യക്തമാക്കി.

അനുമതികള്‍ ലഭിക്കുന്ന മുറയ്ക്ക് കോവിഡ് രോഗമുക്തി നേടിയവരോട് രക്തദാനത്തിനു തയാറാണോ എന്നു ചോദിക്കും. രോഗമുക്തി നേടിയ പലരും ഇപ്പോള്‍ തന്നെ രക്തദാനത്തിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡോ. ആശ പറഞ്ഞു. അതീവഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കു പ്ലാസ്മ നല്‍കിയാവും പരീക്ഷണം നടത്തുക. ഇത്തരത്തില്‍ ചികിത്സ നല്‍കിയവരുടെയും അല്ലാത്തവരുടെയും രോഗലക്ഷണങ്ങളും ഭേദമാകാന്‍ എടുത്ത സമയവും, വെന്റിലേറ്ററില്‍ കഴിഞ്ഞ സമയവും മറ്റും താരതമ്യപ്പെടുത്തി പഠനവും നടത്തും.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ട്രാന്‍സ്ഫ്യൂഷന്‍സ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലാകും ട്രയല്‍ നടപ്പാക്കുക. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കോവിഡ് ക്ലിനിക്ക് മേധാവി ഡോ.എ.എസ്. അനൂപ് കുമാര്‍ ആയിരിക്കും ചികിത്സ ലഭിച്ച രോഗികളുടെ വിവരശേഖരണം നടത്തുക.

പ്‌ലാസ്മ ശേഖരണത്തിന്റെയും മറ്റും വിവരങ്ങള്‍ ഡോ. ദേബാഷിഷ് ഗുപ്ത കൈകാര്യം ചെയ്യും. ശ്രീചിത്ര തയാറാക്കിയ പ്രോജക്ട് സര്‍ക്കാരിനു വേണ്ടി ഡോ. അനൂപാണ് ഐസിഎംആറിനു സമര്‍പ്പിച്ചത്. ആരില്‍നിന്നൊക്കെ രക്തമെടുക്കാം ആര്‍ക്കൊക്കെ രക്തം കൊടുക്കാം തുടങ്ങി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ക്ലിനിക്കല്‍ ട്രയലിന്റെ ഭാഗമായി രൂപപ്പെടുത്തും. എല്ലാ സ്ഥാപനങ്ങളും ഈ മാനദണ്ഡങ്ങള്‍ ഒരേപോലെ കൃത്യമായി പാലിക്കേണ്ടതുണ്ട്.

ശ്രീചിത്രയിലും മെഡിക്കല്‍ കോളജുകളിലും രക്തം സ്വീകരിച്ച് സംസ്ഥാന ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റെ അനുമതിയോടെയാവും രോഗികള്‍ക്കു നല്‍കുക. ശീതീകരണ സംവിധാനം ഉപയോഗിച്ചാവും പ്ലാസ്മ മറ്റ് ആശുപത്രികളിലേക്കു കൊണ്ടുപോകുക. ആരില്‍നിന്നൊക്കെ രക്തം സ്വീകരിക്കാം, കൊടുക്കേണ്ട രോഗിയുടെ ഗുരുതരാവസ്ഥ നിര്‍ണയിക്കേണ്ടതെങ്ങനെ തുടങ്ങി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) മുന്നോട്ടുവച്ചിട്ടുണ്ട്.

ഡോക്ടര്‍മാര്‍ എഫ്ഡിഎയുടെ അനുമതിയോടു കൂടി മാത്രമേ ചികിത്സ നടത്താവൂ എന്നും നിര്‍ദേശമുണ്ട്. ഇത്തരം ചികിത്സ കോവിഡിനു ഫലപ്രദമാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. 1918ല്‍ പടര്‍ന്നു പിടിച്ച പകര്‍ച്ചപ്പനി ചികിത്സിക്കാന്‍ അമേരിക്കയില്‍ ഈ രീതി പ്രയോഗിച്ചിരുന്നു. പോളിയോ, അഞ്ചാംപനി, മുണ്ടിനീര് എന്നീ രോഗങ്ങളുടെ ചികില്‍സയ്ക്കും ഈ രീതി അവലംബിച്ചിട്ടുണ്ട്.

കോവിഡ് രോഗത്തിനു തുല്യമായ ശ്വാസകോശ രോഗങ്ങള്‍ക്കും കോണ്‍വലസെന്റ് പ്ലാസ്മ തെറപ്പി ഉപയോഗിച്ചിട്ടുണ്ട്. മാര്‍ച്ച് 24ന് എഫ്ഡിഎ അനുമതി ലഭിച്ചതിനു ശേഷം ഗുരുതരാവസ്ഥയിലുള്ള 11 രോഗികളില്‍ പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ചൈനയില്‍ ഈ രീതി പ്രയോഗിച്ച 10 രോഗികളില്‍ ഓക്‌സിജന്‍ നില മെച്ചപ്പെട്ടിരുന്നു. രോഗലക്ഷണങ്ങള്‍ കുറയുകയും ശരീരത്തിലെ വൈറസ് നില കുറയുകയും ചെയ്തു.

കോണ്‍വലസെന്റ് പ്ലാസ്മ തെറപ്പി എന്നാല്‍

കൊറോണ വൈറസ് ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തവരുടെ രക്തത്തില്‍നിന്ന് വേര്‍തിരിച്ച പ്ലാസ്മ അതീവഗുരുതരാവസ്ഥയിലുളള രോഗികള്‍ക്കു നല്‍കുകയാണു ചെയ്യുന്നത്. പ്ലാസ്മഫെറസിസ് മെഷീനിലൂടെ ദാതാവിന്റെ രക്തം കടത്തിവിടുമ്പോള്‍ രക്തകോശങ്ങള്‍ വേര്‍തിരിഞ്ഞു ദാതാവിനു തന്നെ ലഭിക്കും.

കോശങ്ങള്‍ ഇല്ലാത്ത രക്തഭാഗമായ പ്ലാസ്മ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കൊറോണ വൈറസ് ബാധയുണ്ടാകുമ്പോള്‍ ശരീരം അതിനെ പ്രതിരോധിക്കാന്‍ സ്വമേധയാ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള ബി ലിംഫോസൈറ്റ്‌സ് സെല്ലുകള്‍ രക്തത്തിലെ പ്ലാസ്മയില്‍ ഉണ്ടാകും. വൈറസ് ബാധയുള്ള ഒരാള്‍ക്ക് രോഗം ഭേദമാകുന്നതോടെ വീണ്ടും വൈറസ് എത്തിയാല്‍ പ്രതിരോധിക്കാനായി ഈ ആന്റിബോഡികള്‍ ശരീരത്തിലുണ്ടാകും. ഇവരുടെ പ്ലാസ്മ ശേഖരിച്ച് മറ്റൊരു രോഗിക്കു നല്‍കുമ്പോള്‍ അതിലുളള ആന്റിബോഡി വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു രോഗി പോകുന്നതു തടയുകയും ചെയ്യും.

കൂടുതല്‍ ശരീരകോശങ്ങളിലേക്ക് വൈറസ് പടരുന്നത് തടയാനും ഇതിലൂടെ കഴിയും. ഒരാളുടെ പ്ലാസ്മയില്‍നിന്ന് രണ്ടു പേര്‍ക്ക് നല്‍കാനുള്ള ഡോസ് ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കയില്‍ 34 സ്ഥാപനങ്ങളാണ് നാഷനല്‍ കോവിഡ് 19 കോണ്‍വലസെന്റ് പ്ലാസ്മ പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
കടപ്പാട് മനോരമ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7