ഒരുവീട്ടില്‍ നിന്ന് ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ മാത്രം പുറത്തിറങ്ങാം; വാഹനങ്ങള്‍ ഒറ്റ, ഇരട്ട നമ്പര്‍ പ്രകാരം നിയന്ത്രിക്കണം; ലോക് ഡൗണ്‍ പിന്‍വലിക്കാന്‍ മാര്‍ഗരേഖ ഇങ്ങനെ…

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള വിശദമായ മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാരിന്റെ കര്‍മസമിതിയുടെ റിപ്പോര്‍ട്ടില്‍. ഏപ്രില്‍ 15 മുതല്‍ മൂന്നു ഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാണു സമിതിയുടെ ശുപാര്‍ശ. ഓരോ ദിവസത്തെയും കേസുകളും വ്യാപന രീതികളുമാണ് അടിസ്ഥാന മാനദണ്ഡം. രോഗവ്യാപനം കൂടിയാല്‍ ഉടന്‍ നിയന്ത്രണം കടുപ്പിക്കണമെന്നു ജനങ്ങളെ അറിയിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. വിദഗ്ധ സമിതി നിര്‍ദേശം മന്ത്രിസഭാ യോഗം നാളെ ചര്‍ച്ച ചെയ്യും.

ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ലോക്ഡൗണ്‍ എങ്ങനെ പരിഗണിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. അന്തിമ തീരുമാനം കേരളം നാളെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. 14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളാണ് നിര്‍ദേശങ്ങളിലുള്ളത്. ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളായാണു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക.

ഒന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ –

പുറത്തിറങ്ങണം എങ്കില്‍ മുഖാവരണം വേണം, ആധാറോ, തിരിച്ചറിയല്‍ കാര്‍ഡോ കൈവശം വേണം, യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം, തുറക്കുന്ന സ്ഥാപനങ്ങളില്‍ സാനിറ്റൈസേഷന്‍ സംവിധാനം വേണം, നിയമപരമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം, ഒരാള്‍ക്കു മാത്രമേ ഒരു വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ, മൂന്ന് മണിക്കൂര്‍ മാത്രമായിരിക്കും പുറത്തുപോകാന്‍ അനുവദിക്കുന്ന സമയം, 65 വയസ്സിനു മുകളിലുള്ളവര്‍ പുറത്തിറങ്ങരുത്, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും പുറത്തിറങ്ങരുത്, വാഹനങ്ങള്‍ ഒറ്റ, ഇരട്ട നമ്പറുകള്‍ പ്രകാരം നിയന്ത്രിക്കും, ഞായറാഴ്ചകളില്‍ കടുത്ത വാഹന നിയന്ത്രണം, 5 പേരില്‍ കൂടുതല്‍ ഒരാവശ്യത്തിന് ഒത്തുചേരരുത്, മതപരമായ ചടങ്ങുകള്‍ക്കും കൂട്ടം കൂടരുത്, ബാങ്കുകള്‍ക്കു സാധാരണ പ്രവൃത്തി സമയം.

രണ്ടാം ഘട്ട നിയന്ത്രണങ്ങള്‍–-

14 ദിവസത്തിനുള്ളില്‍ ഒരു പുതിയ കേസുപോലും ഉണ്ടാകരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ കൂടരുത്. ഒരു കോവിഡ് ഹോട്‌സ്‌പോട്ടും പാടില്ലെന്നും രണ്ടാം ഘട്ടത്തില്‍ നിര്‍ദേശമുണ്ട്.

മൂന്നാം ഘട്ടത്തിനുള്ള നിയന്ത്രണങ്ങള്‍- – 14 ദിവസത്തിനിടെ ഒരു കോവിഡ് കേസും ഉണ്ടാകരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയാകണം. സംസ്ഥാനത്തെവിടെയും ഒരു കോവിഡ് ഹോട്‌സ്‌പോട്ടും പാടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7