രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കോവിഡ് ബാധിതര്‍ ഏറെയുള്ള ജില്ലകള്‍ അടച്ചിടാന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. ഇതില്‍ കേരളത്തിലെ ഏഴ് ജില്ലകളും ഉള്‍പ്പെടും.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേരളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുക. ഇതുവരെ രാജ്യത്താകെ 274 ജില്ലകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22നു ശേഷം മൂന്നിരട്ടിയായി ഇവിടുത്തെ രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇതാണ് നിയന്ത്രണ പദ്ധതി കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
കോവിഡ് ചികിത്സാ വസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. 2.7 കോടി എന്‍95 മാസ്‌ക്കുകള്‍ അടുത്ത 2 മാസത്തേയ്ക്ക് വേണ്ടിവരും. 16 ലക്ഷം പരിശോധനാ കിറ്റുകള്‍ തയാറാക്കാനും 50,000 വെന്റിലേറ്ററുകള്‍ ഒരുക്കണമെന്നും ഉല്‍പാദകര്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗവും ഇന്ന് ചേരും.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് 19 രോഗമുക്തി നേടിയത് കേരളത്തില്‍ ആണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ 25 കേസുകളില്‍ 84% പേരും രോഗമുക്തി നേടിയെന്നാണ് കണക്കുകള്‍. മാര്‍ച്ച് 9നും 20നുമിടയിലാണ് ഇവര്‍ ചികിത്സ തേടിയത്. എന്നാല്‍ ആകെയുള്ള 314 പോസിറ്റീവ് കേസുകളില്‍ കണക്കെടുക്കുന്നത് വരെ 17% പേരാണ് രോഗത്തെ അതിജീവിച്ച് തിരിച്ചു വന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനമെന്നത് ഉയര്‍ന്ന നിരക്കാണ്.
ഞായറാഴ്ച പകല്‍ വരെയുള്ള കണക്ക് നോക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ 5.5% പേരാണ് രോഗമുക്തി നേടിയത്. അതായത് 35 പേര്‍. ഡല്‍ഹിയില്‍ 4.04%(18പേര്‍)പേരും രോഗമുക്തി നേടി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കൊറോണ മരണ നിരക്കും വളരെ കുറവാണ്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച രാത്രി വരെ 32 പേരാണ് മരിച്ചത്. ഡല്‍ഹി 6. തെലങ്കാന, മധ്യപ്രദേശ്11 വീതം എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ മരണനിരക്ക്.
പല കേസുകളിലും വേഗത്തിലാണ് കേരളത്തില്‍ രോഗം ഭേദമായത്. കേരളത്തിലേതിനേക്കാള്‍ എത്രയോ കുറവ് കേസുകള്‍ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലും മരണ നിരക്ക് കേരളത്തേക്കാള്‍ കൂടുതലാണ്.
ആദ്യ കേസുകള്‍ പരിഗണിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ രോഗമുക്തി നേടിയവരുടെ നിരക്ക് കൂടുതലായിരുന്നെങ്കിലും പിന്നീട് തബ്‌ലീഗുമായി ബന്ധപ്പെട്ട് കേസുകളിലുണ്ടായ വര്‍ധന തിരിച്ചടിയായിട്ടുണ്ട്. അതേസമയം, റൂട്ട് മാപ്പ് തയ്യാറാക്കി ആയിരക്കണക്കിനാളുകളെ ക്വാറന്റൈനില്‍ നിരീക്ഷണത്തിലാക്കിയത് കേരളത്തിലെ കേസുകള്‍ പൊടുന്നനെ വര്‍ധിക്കാതെ കാത്തു.
രാജ്യത്ത് കൊറോണ രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയയാളുകളും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. റാന്നിയിലെ ദമ്പതിമാരുടെ ടെസ്റ്റ് ഫലം ഒമ്പത് തവണയും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷമാണ് രോഗമുക്തി നേടിയതായി ഇവരെ കണക്കാക്കിയത്. ചിലരില്‍ കോവിഡ് വൈറസ് കുറച്ചു കാലം നിഷക്രിയമായി തുടര്‍ന്ന് രോഗം തിരികെ വരാനുള്ള സാധ്യതയുണ്ട് ഇത് കണക്കിലെടുത്താണ് 9 തവണ ടെസ്റ്റ് നടത്തിയത്.
ലോകാരോഗ്യ സംഘടനയുടെ കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് കേരളത്തിലെ കൊറോണ ചികിത്സയെന്നും രോഗികള്‍ക്ക് അധികം സമ്മര്‍ദ്ദം കൊടുക്കാത്ത അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും ആരോഗ്യ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു.