കൊറോണ; റാന്നിയിലെ കുടുംബത്തെ ചികിത്സിച്ച ഡോ.ശരത്തിന്റെ അഭിമുഖം ; ഫലം നെഗറ്റീവ് ആയ നിമിഷം തന്നെയാണ് ഞങ്ങള്‍ക്കു കിട്ടിയ ഹാപ്പിയെസ്റ്റ് മൊമന്റ്

പത്തനംതിട്ട: കൊറോണ രണ്ടാം വരവു വന്നപ്പോള്‍ കേരളത്തില്‍ പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞെത്തിയ ഒരു ഡോക്ടറുണ്ട്, പേര് ശരത് തോമസ് റോയ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍. കോവിഡ് ബാധിച്ച റാന്നിയിലെ കുടുംബത്തെ ചികിത്സിച്ച ഡോ.ശരത് തോമസ് റോയ് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖം ശ്രദ്ധേയമാകുന്നു. തന്റെ മുന്നിലെത്തിയ കുടുംബം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നെന്നു ഡോക്ടര്‍ ശരത് പറയുന്നു.

നാട്ടുകാരില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍, സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍. അതിനിടയ്ക്ക് തന്നെ കൊലവിളി ആഹ്വാനം. കൊറോണയുടെ രണ്ടാം ഘട്ടത്തില്‍ ഞങ്ങള്‍ക്കു മുന്നിലേക്കെത്തിയ ആ കുടുംബം മനസു മരവിച്ച അവസ്ഥയിലായിരുന്നു. എന്തോ വലിയ മഹാപാതകം ചെയ്ത ഭാവമായിരുന്നു അവരുടെ മുഖത്ത്. അതുകൊണ്ടു തന്നെ ഒരു ഗുളികയ്ക്കും സാധ്യമല്ലാത്ത സാന്ത്വനം കൊണ്ട് അവരെ ചികിത്സിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു എനിക്കും എന്റെ ടീമിനും മുന്നില്‍.

വന്ന ആദ്യത്തെ ആഴ്ച തന്നെ അവര്‍ അനുഭവിക്കുന്ന മാനസിക പീഡനം ബോഡി ലാംഗ്വേജില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. ആരോടും സംസാരിക്കില്ല. ഭക്ഷണം കഴിക്കില്ല. അതു മാത്രമല്ല, ആ കുടുംബത്തിലെ മൂന്നു പേര്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഹൈ റിസ്‌ക് കേസ് ആയിരുന്നു. അവരുടെ പ്രായമായിരുന്നു പ്രശ്‌നം. അങ്ങനയെുള്ളവര്‍ മാനസികമായി കൂടി തളര്‍ന്നു പോയാല്‍ കാര്യങ്ങള്‍ കയ്യില്‍ നില്‍ക്കില്ല. അന്നു തുടങ്ങി അവരെ തിരികെയെത്തിക്കാനുള്ള പോരാട്ടം.

വായന, വ്യായാമം, കൗണ്‍സലിങ് തുടങ്ങിയ സംഗതികളിലൂടെ അവരെ മാനസികമായി തിരികെയെത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായി. അതിന് ഫലം ഉണ്ടാകുകയും ചെയ്തു. അവര്‍ മാനസികമായി തിരികെ വന്ന ശേഷം പരിശോധനകള്‍ ആരംഭിച്ചു. ഓരോ 48 മണിക്കൂറിലും അവരുടെ സ്രവം എടുത്ത് പരിശോധിച്ചു. ഓരോ തവണയും ഫലം പോസിറ്റീവ് ആയി തന്നെ തുടര്‍ന്നു. 9 വട്ടം എങ്കിലും സ്രവ പരിശോധന തുടര്‍ന്നിട്ടുണ്ട്. ആദ്യത്തെ നാലു തവണ ഫലം മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ അവര്‍ പിന്നെയും ഭയന്നു. മാനസികമായി പിന്നിലേക്ക് പോയി. അപ്പോഴും ഞങ്ങളുടെ ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു.

രാപ്പകലില്ലാതെയുള്ള ആ കരുതലാണ് അവരെ രോഗമുക്തരാക്കി കേരളക്കരയ്ക്കു മുന്നിലേക്ക് അവരെ പറഞ്ഞു വിടാന്‍ ഞങ്ങളെ സഹായിച്ചത്. ഇറ്റലിയിലെ കുടുബത്തിന്റെ ഫലം നെഗറ്റീവ് ആയ നിമിഷം തന്നെയാണ് ഞങ്ങള്‍ക്കു കിട്ടിയ ഹാപ്പിയെസ്റ്റ് മൊമന്റ്. റിസള്‍ട്ട് അറിഞ്ഞപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരായ ഡോ.ജയശ്രീയും ഡോ.നസ്ലിനും തുള്ളിച്ചാടുകയായിരുന്നു. ഞാന്‍ എംഡി തുടര്‍ പഠനം പാസായപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല. ആ അഞ്ചുപേരുടെ നെഗറ്റീവ് ഫലം ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഓര്‍മയായി നില്‍ക്കും.

കുടുംബം, ജീവിതം തുടങ്ങി എല്ലാ ചിന്തകളും മാറ്റിവച്ചായിരുന്നു കോവിഡ് രോഗികളെ ചികിത്സിച്ചു ഞങ്ങള്‍ അവിടെ ദിനങ്ങള്‍ കഴിച്ചു കൂട്ടിയത്. പക്ഷേ ഞങ്ങളെ കാത്തിരിക്കുന്നവര്‍ക്കു വേണ്ടി…എല്ലാത്തിനും മേലെ ഞങ്ങള്‍ക്കു വേണ്ടി എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഞങ്ങള്‍ പാലിച്ചു. ചിത്രങ്ങളില്‍ നിങ്ങള്‍ കാണുന്ന ആ വെളുത്ത കോട്ട് ഇടാന്‍ വേണ്ടി മാത്രം വേണം 10 മിനിറ്റ് സമയം. അഴിച്ചു വയ്ക്കാനും അത്ര സമയം വേണം. മൂന്നു മിനിറ്റ് കഴിയുമ്പോഴേക്കും ആ വസ്ത്രത്തിനകത്ത് വിയര്‍ത്ത് കുളിച്ച് ഒരു പരുവമായിട്ടുണ്ടാകും.

ആ ഡ്രസ് ഇട്ട് രോഗികളുടെ അടുത്തേക്ക് എത്തുമ്പോഴേക്കും കണ്ണാടി മഞ്ഞു മൂടിയതു പോലെയാകും. അതോടെ നടക്കാന്‍ പോലും പ്രയാസമാകും. തപ്പിത്തടഞ്ഞാണ് ചില സമയത്ത് നടന്നിരുന്നത്. ഡ്രസ് ഊരുന്ന സമയത്ത് ശ്രദ്ധ അണുവിട പിഴച്ചാല്‍ ഞങ്ങളേയും വൈറസ് പിടികൂടും. ലോകത്ത് ഒട്ടുമിക്ക ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ പിടിപ്പെട്ടത് വസ്ത്രം ഊരുന്ന സമയത്ത് അറിയാതെ സംഭവിച്ച അശ്രദ്ധയുടെ പേരിലാണ്. കലക്ടര്‍, എംഎല്‍എ, എംപി തുടങ്ങിയവരെയൊക്കെ മീറ്റ് ചെയ്യേണ്ടവരാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ ശ്രദ്ധയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല.

പത്തു മിനിറ്റ് െ്രെഡവ് ചെയ്താണ് വീട്ടിലേക്ക് എത്തുന്നത്. രോഗികളെ ചികിത്സിച്ചു വീട്ടിലെത്തുമ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍ പിടികൂടിയിരുന്നു. എന്റെ ഭാര്യ ഗര്‍ഭിണിയാണ്. അച്ഛനും അമ്മയ്ക്കും 60നു മേല്‍ പ്രായമുണ്ട്. അതു കൊണ്ട് വീട്ടിലെത്തിയാല്‍ നേരെ പിന്നാമ്പുറത്തുള്ള ബാത്ത്‌റൂമിലേക്ക് ചെല്ലും. അവിടുന്ന് കുളിച്ച് വൃത്തിയായി അകത്തേക്ക്. കുറേ നാളത്തേക്ക് എനിക്ക് ഡെറ്റോളിന്റെ മണം ആയിരുന്നു എന്നതാണ് ഏക പരാതി. പിന്നെ ഭാര്യയും ഡോക്ടര്‍ ആയതുകൊണ്ട് സാഹചര്യം മനസിലാക്കി.

സുരക്ഷിതനായിരിക്കണമെന്ന ഭാര്യയുടെ ഉപദേശം കേട്ടു കൊണ്ടാണ് പിറ്റേ ദിവസം തുടങ്ങുന്നത്. അവരുടെ പിന്തുണ ഇല്ലാതെ നമുക്കു മുന്നോട്ടു പോകാന്‍ ആകില്ലല്ലോ. ഇതെല്ലാം കഴിഞ്ഞിട്ടുവേണം ഭാര്യയ്ക്കു വാക്ക് കൊടുത്ത പെന്‍ഡിങ് വെഡ്ഡിങ് ആനിവേഴ്‌സറിയും പിറന്നാളും ആഘോഷിക്കാന്‍. ഇല്ലെങ്കില്‍ അവള്‍ എന്നെ ഡിവോഴ്‌സ് ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്. പിന്നെ തട്ടിക്കൂട്ടിയൊരു ട്രിപ്പും പുറത്തു നിന്ന് ഭക്ഷണവും ഒന്നു രണ്ട് സിനിമകളും. വരട്ടേ…ഇതെല്ലാം അതിജീവിക്കുന്ന നമുക്ക് ആവോളം സമയമുണ്ട് ഡോ.ശരത് പറഞ്ഞു നിര്‍ത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7