യുഎസിന്റെ ചരിത്രത്തിൽ വീണ്ടും ദുരന്ത ദിനം..

വാഷിങ്ടൻ : അമേരിക്കയുടെ ചരിത്രത്തിൽ മറ്റൊരു ദുർദിനം. കോവിഡ് മൂലം ഒരുദിവസം ഏറ്റവുമധികം പേർ മരിച്ച രാജ്യമായി യുഎസ്. 24 മണിക്കൂറിനകം 1100 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതോടെ ആകെ മരണം 6,000 കവിഞ്ഞു. ഒറ്റ ദിവസം 30,000 ലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു.

രാജ്യത്താകെ രോഗികൾ രണ്ടരലക്ഷത്തോട് അടുക്കുന്നു. ന്യൂയോർക്കിൽ രോഗികൾ ഒരു ലക്ഷത്തോട് അടുക്കുന്നു. ന്യൂജഴ്സിയിൽ 25,000 ലേറെ രോഗികൾ. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിരീകരിച്ചു. രാജ്യമെങ്ങും ലോക്ഡൗൺ നടപടികൾ സ്വീകരിച്ചാലും മരണസംഖ്യ 2 ലക്ഷം കടന്നു പോകുമെന്നാണ് ആശങ്ക.

പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ന്യൂയോർക്ക്, ലൊസാഞ്ചലസ് മേയർമാരുടെ നിർദേശം. ഇക്കാര്യം രക്ഷാനിർദേശങ്ങളിൽ ഉൾപ്പെടുത്തുമെന്ന സൂചന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും നൽകി. എന്നാൽ സാമൂഹിക അകലം പാലിക്കാതെ മാസ്ക് ഫലരഹിതമെന്നും മുന്നറിയിപ്പ്.

2500 ലേറെ മരണം സംഭവിച്ച ന്യൂയോർക്കിൽ മോർച്ചറികൾ നിറഞ്ഞുകവിഞ്ഞു. 45 മൊബൈൽ മോർച്ചറികളും രാപകൽ പ്രവർത്തനം. രാത്രി വൈകിയും കൂട്ടസംസ്കാരങ്ങൾ.

ഗുരുതര രോഗികളെ കിടത്താനിടമില്ലാതെ ആശുപത്രികൾ. നിലവിൽ 10,000 ലേറെ രോഗികൾ ആശുപത്രിയിൽ. ന്യൂയോർക്ക് സിറ്റിയിൽ സ്ഥാപിച്ച താൽക്കാലിക ആശുപത്രിയിലെ സേവനങ്ങൾക്കു സൈന്യത്തെ വിളിക്കുമെന്ന് ട്രംപ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7