രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. 2301 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 156 പേര്‍ക്ക് രോഗം ഭേദമായെന്നും 2088 പേര് ചികിത്സയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 336 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്ദ്ധന് പറഞ്ഞു. മൂന്നു മരണങ്ങളും വര്‍ധിച്ചു. അതീവ ജാഗ്രത തുടരണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഡല്‍ഹി രാംമനോഹര്‍ ലാല്‍ ലോഹ്യ ആശുപത്രിയിലെ ചികിത്സ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയ ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസ്ഥാന ഗവര്‍ണര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുന്നുണ്ട്്.
അതിനിടെ, മുംബൈയില്‍ ഏഴ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രണ്ട് മലയാളി നഴ്സുമാര്‍ക്ക് രോഗം ബാധിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാത്തതാണ് രോഗം പടരാന്‍ കാരണമെന്ന് ആക്ഷേപം ശക്തമാണ്.
അതേസമയം, ലോകമെമ്പാടുമായി 10,16,310 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 53,236 പേര് മരണപ്പെട്ടു. 2,13,126 പേര് സുഖം പ്രാപിച്ചു.