വെറും 20 മിനിറ്റിനുള്ളില്‍ 3000 പേര്‍ തെരുവിലിറങ്ങി; ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ പ്രചരിച്ചു; പിന്നില്‍ തീവ്രസംഘടനകള്‍

കോട്ടയം: ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചു ചങ്ങനാശ്ശേരി പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചതിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്യാംപുകളില്‍ നടത്തിയ റെയ്ഡില്‍ 21 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ലോക്ഡൗണ്‍ കാരണമാക്കി ദേശവ്യാപക തൊഴിലാളി പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പ്രതിഷേധമെന്നാണ് സൂചന.

എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാര്‍ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്ന് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ ക്യാംപുകളില്‍ പരിശോധന നടത്തി. തൊഴിലാളികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. 20 മിനിറ്റിനുള്ളിലാണ് പായിപ്പാട് 3000 ല്‍ ഏറെ തൊഴിലാളികള്‍ ഒത്തുകൂടിയത്. കൃത്യമായ ആസൂത്രണമില്ലാതെ ഇത് നടക്കില്ല. തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ പങ്ക് പൊലീസ് സംശയിക്കുന്നു.

പ്രതിഷേധത്തിന് മണിക്കൂറുകള്‍ മുന്‍പ് ഏതാനും ഓഡിയോ, വിഡിയോ ക്ലിപ്പുകള്‍ തൊഴിലാളികളുടെ ഇടയില്‍ പ്രചരിച്ചു. ഉത്തരേന്ത്യയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് വാഹനങ്ങള്‍ ഒരുക്കിയതും ഇതിന്റെ ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് പ്രചരിച്ചത്. പ്രതിഷേധിച്ചാല്‍ മാത്രമേ ആവശ്യം അംഗീകരിക്കൂ എന്നായിരുന്നു ആഹ്വാനം. ഇതാണ് രാജ്യത്തുടനീളം സമാന സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയിക്കാന്‍ കാരണം.

കഴിഞ്ഞ ദിവസങ്ങളിലും സമാന സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി കരാറുകാരും മൊഴി നല്‍കി. തുടര്‍പ്രതിഷേധങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. മറ്റ് ജില്ലകളിലും സമാനമായ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഇത് കണക്കിലെടുത്ത് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7