കൊറോണ ബാധിതനായ ഡിബാല പറയുന്നു…അഞ്ചു മിനിറ്റ് അനങ്ങിയാല്‍ ശ്വാസം കിട്ടാതെ വലഞ്ഞുപോകും

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ ക്ലബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല അസുഖം ഉണ്ടായപ്പോല്‍ ഉള്ള ബുദ്ധിമുട്ടുകളെ കുറിച്ച് വിവരിച്ച് രംഗത്ത്. ശ്വാസമെടുക്കാന്‍ കഠിനമായ ബുദ്ധിമുട്ടാണ് ഇക്കാലത്ത് നേരിട്ടതെന്ന് ഡിബാല വെളിപ്പെടുത്തി. ഇതെല്ലാം മാറി ഇപ്പോള്‍ വളരെയധികം ഭേദപ്പെട്ടു. തനിക്കൊപ്പം വൈറസ് ബാധ സ്ഥിരീകരിച്ച കാമുകി ഒറിയാന സബാട്ടിനിക്കും അസുഖം ഭേദമായി വരുന്നതായി ഡിബാല അറിയിച്ചു.

ഏതാനും ദിവസം മുന്‍പ് വളരെ പരിതാപകരമായിരുന്നു അവസ്ഥ. താങ്ങാന്‍ കഴിയാത്ത പീഡകളായിരുന്നു. അഞ്ചു മിനിറ്റ് അനങ്ങിയാല്‍പ്പോലും ശ്വാസം കിട്ടാതെ വലഞ്ഞുപോകും’ –ഡിബാല വെളിപ്പെടുത്തി.

‘ഇപ്പോള്‍ ആ അവസ്ഥയൊക്കെ മാറി. നടക്കാനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. ചെറിയ തോതില്‍ പരിശീലനവും പുനഃരാരംഭിച്ചു. മുന്‍പ് ഇതൊന്നും ആലോചിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. കുറച്ചു നടന്നാല്‍പ്പോലും പിന്നെ ശ്വാസം കിട്ടാന്‍ വല്ലാതെ വിഷമിച്ചു. ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതി. ശരീരത്തിനു വളരെയധികം ഭാരം തോന്നും. മസിലുകള്‍ക്കും താങ്ങാനാകാത്ത വേദന’ ഡിബാല പറഞ്ഞു.

ഇറ്റാലിയന്‍ ക്ലബ് യുവെന്റസില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ താരമാണ് ഡിബാല. ഇദ്ദേഹത്തിനു പുറമെ ഇറ്റാലിയന്‍ താരം ഡാനിയേല്‍ റുഗാനി, ഫ്രഞ്ച് താരം ബ്ലെയ്‌സ് മറ്റിയുഡി എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച യുവെ താരങ്ങള്‍. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള സഹതാരങ്ങളെല്ലാം വിവിധയിടങ്ങളിലായി ക്വാറന്റീനിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7