ഓരോ ദിവസം കഴിയും തോറും കൊറോണ രോഗബാധിതരുടെ എണ്ണം രാജ്യത്ത് കൂടി വരികയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹിക അകലം പാലിക്കലാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. എന്നാല്‍ ഈ ലോക്ഡൗണിനോട് സഹകരിക്കാന്‍ പലരും തയ്യാറാകുന്നില്ല. നിര്‍ദേശങ്ങള്‍ നിസാരമായി കാണുന്നവരോട് ഡോക്ടറുടെ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഡോ. ഷൈജസിന്റെ ഫേസ്ബുക്ക് വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
ഒരു വ്യക്തിയില്‍നിന്ന് എങ്ങനെ 5016 പേര്‍ക്ക് കൊറോണ വൈറസ് പകര്‍ന്നു എന്നാണ് ഡോ. ഷൈജസ് വ്യക്തമാക്കുന്നത്. വിഡിയോയിലൂടെ ദക്ഷിണ കൊറിയയിലെ കോവിഡ് രോഗികളില്‍ 60 ശതമാനം പേര്‍ക്കും രോഗം പകരാനിടയാക്കിയ ഒരൊറ്റ വ്യക്തിയുടെ അശ്രദ്ധയെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ വാക്കുകള്‍:
‘ഫെബ്രുവരി ആറാം തീയതിയാണ് ഈ സംഭവത്തിന്റെ തുടക്കം. ഗുരുതരമല്ലാത്ത ഒരു റോഡപകടത്തെത്തുടര്‍ന്ന് ഒരു സ്ത്രീയെ ആശുപത്രിയിലെത്തിക്കുന്നു. ചികിത്സയ്ക്കും ഒരു ദിവസത്തെ ആശുപത്രിവാസത്തിനും ശേഷം അവരെ ഡിസ്ചാര്‍ജ് ചെയ്യുന്നു. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ചെറിയ പനി ശ്രദ്ധയില്‍ പെടുകയും ഡോക്ടര്‍മാര്‍ ഒരു ടെസ്റ്റിന് നിര്‍ദേശിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗുരുതരമല്ലാത്ത പ്രശ്‌നമായതിനാല്‍ അവര്‍ ആ ടെസ്റ്റ് ചെയ്യാതെ പോകുന്നു.
അടുത്ത രണ്ടാഴ്ച അവരുടെ ജീവിതത്തില്‍ എന്തു നടന്നു എന്നതാണ് ഈ കഥയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പള്ളികളില്‍ നടന്ന രണ്ട് കൂട്ടായ്മകള്‍, ഒരു ടാക്‌സി യാത്ര, സുഹൃത്തിന്റെ കൂടെ ഒരു ബുഫെ ലഞ്ച്, സാധനങ്ങള്‍ വാങ്ങാനായി പോയ പലചരക്ക് കട എന്നിവിടങ്ങളില്‍ അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ശേഷം അവരില്‍ കോവിഡ് 19 ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുകയും ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ചെയ്യുന്നു.
ഇനിയാണ് നിര്‍ണായകമായ കാര്യം. കഴിഞ്ഞ രണ്ടാഴ്ച അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയാറാക്കിയപ്പോള്‍ അതിലുള്‍പ്പെട്ടത് 9300 പേരായിരുന്നു. ഇതില്‍ 5016 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. സൗത്ത് കൊറിയ എന്ന രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് 19 പോസിറ്റീവ് കേസുകളില്‍ 60 ശതമാനവും ഉണ്ടായത് ഈ ഒരൊറ്റ വ്യക്തിയുടെ അശ്രദ്ധയില്‍ നിന്നുമാണെന്ന് പിന്നീട് തെളിഞ്ഞു.
ദക്ഷിണ കൊറിയയുടെ മൊത്തം ജനസംഖ്യ 6 കോടി മാത്രമാണ്. അത്ര ചെറിയൊരു രാജ്യത്ത് ഇത്രയും വലിയൊരു വിപത്ത് ഒരു വ്യക്തിക്കുണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ 150 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇതിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഒരു വ്യക്തിക്കാകും. അതുകൊണ്ടാണ് വീട്ടിലിരുന്നു രാജ്യത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പറയുന്നത്’ ഡോക്ടര്‍ പറയുന്നു
https://www.facebook.com/Say-Yes-to-Health-with-Dr-Shyjus-100473494944419/videos/3079296465455126/