ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുന്നു. ചൊവ്വാഴ്ച (മാര്‍ച്ച് 24) അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെക്കും. എന്നുവരെയാണ് നിയന്ത്രണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വിമാനങ്ങള്‍ ചൊവ്വാഴ്ച രാത്രി 11. 59 നു മുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ നിര്‍ത്തിവച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണം വരുന്നത്.
ആഭ്യന്തര വിമാനങ്ങള്‍ ഡല്‍ഹിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ തടസമില്ലാതെ തുടരുമെന്ന വിശദീകരണവുമായി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) പിന്നീട് രംഗത്തെത്തി. എന്നാല്‍, പശ്ചിമ ബംഗാളിലേക്കുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.