കാസര്‍കോട്: കാസര്‍കോട് സുരക്ഷയും നിയന്ത്രണവും ശക്തമാക്കി. പുതിയ അഞ്ച് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പൊലീസ് തടയുന്നു. റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു. ഇനി റൂട്ട് മാപ്പും അഭ്യര്‍ഥനയുമില്ലെന്നും നടപടി മാത്രമേ ഉണ്ടാകൂവെന്നും കലക്ടര്‍ ഡോ. സജിത്ത് ബാബു മുന്നറിയിപ്പു നല്‍കി
കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ തുറക്കും. ഇല്ലെങ്കില്‍ തുറപ്പിക്കും. ‘ഇനി നന്നാവു’മെന്നും കലക്ടര്‍ അറിയിച്ചു. ജാഗ്രതാതല സമിതികള്‍ പഞ്ചായത്തുകളില്‍ സജീവമാണ്. വാഹനങ്ങള്‍ പരിശോധിക്കും. അനാവശ്യ യാത്രകള്‍ പാടില്ല. ആശുപത്രിയിലേക്കാണെങ്കിലും രേഖകള്‍ കാണിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
ഇന്നലെ മാത്രം പുതിയ അഞ്ച് കോവിഡ് കേസുകളാണ് കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 19 ആയി. ജില്ലയില്‍ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ ഇന്നലെ രാത്രി ഒന്‍പത് മണി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഭാഗമായി ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിരോധനാജ്ഞയുടെ ഭാഗമായി ജില്ലയിലെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തലാക്കി. പൊതു ഇടങ്ങളിലെ കൂട്ടം ചേരലുകള്‍ക്കു കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. ഉത്സവങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നിവ പൂര്‍ണമായും റദ്ദാക്കി. അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ മാത്രം രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണി വരെ പ്രവര്‍ത്തിക്കും. എന്നാല്‍ നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ സംയമനത്തിന്റെ ഭാഷ ഉണ്ടാകില്ലെന്നും കര്‍ശന നടപടിയെടുക്കമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കൂടുതല്‍ ആളുകള്‍ ഐസലേഷനിലേക്കു പോകേണ്ടിവന്ന സാഹചര്യത്തില്‍ 31 പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലുമായി 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഐസലേഷന്‍ സെല്ലുകള്‍ അഥവാ കൊറോണ കെയര്‍ സെന്ററുകള്‍ തുടങ്ങും. നിലവില്‍ ജില്ലയിലാകെ 762 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 41 പേര്‍ ആശുപത്രികളിലും 721 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണ്.