നിർഭയ പ്രതികളെ തൂക്കിലേറ്റിയ തിഹാർ ജയിലിന് മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയത്. പ്രതികളെ തൂക്കിലേറ്റിയ വാർത്തയെത്തിയതോടെ ജനങ്ങൾ ആർപ്പുവിളിച്ചു. നീതി നടപ്പാക്കിയ നീതിപീഠത്തിന് ജനങ്ങൾ നന്ദി പറഞ്ഞു.
ഇന്ന് രാവിലെ 5.30 ഓടെയാണ് നിർഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരെയാണ് തൂക്കിലേറ്റിയത്. ഏറെ നാളുകൾ നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
തിഹാർ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാല് പ്രതികളെ ഒരേ സമയത്ത് തൂക്കിലേറ്റുന്നത്. 2013 ഫെബ്രുവരി ഒൻപതിന് പാർലമെന്റ് ആക്രമണ കേസിലെ അഫ്സൽ ഗുരുവിനെയാണ് ഒടുവിലായി ഇവിടെ തൂക്കിലേറ്റിയത്. വധശിക്ഷ നീട്ടിവയ്ക്കുന്നതിനായി അവസാന മണിക്കൂറുകളിലും നിർഭയ കേസ് പ്രതികൾ വിവിധ കോടതികളെ സമീപിച്ചിരുന്നു.