കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോക്സോ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. കേസില്‍ വെറുതെവിട്ട ആറുപ്രതികളെയും അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി ഉത്തരവ്. പാലക്കാട് ജില്ലാ പോക്സോ കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ നേരത്തെ വിട്ടയച്ചത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലിന്മേലാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവായത്. പ്രതികളെ വിചാരണ കോടതിയില്‍ ഹാജരാക്കിയശേഷം ജാമ്യത്തില്‍ വിടണമെന്ന്് ഉത്തരവില്‍ പറയുന്നു.
പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് പ്രതികളെ വിട്ടയക്കാന്‍ കാരണമെന്നാരോപിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഇതേ കാര്യം ഉന്നയിച്ച് അപ്പീല്‍ നല്‍കിയിരുന്നു.
2017ലാണ് കേസിനാസ്പദമായ സംഭവം. 2017 ജനുവരിയില്‍ 13കാരിയെയും മാര്‍ച്ചില്‍ ഒന്‍പതു വയസ്സുകാരിയെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തിയതോടെ കേസില്‍ വിശദമായ അന്വേഷണം നടത്തി പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണ് കേസ്. എന്നാല്‍, മതിയായ തെളിവുകള്‍ ഇല്ലാ എന്ന കാരണത്താല്‍ പിന്നീട് പ്രതികളെ വിട്ടയക്കുകയായിരുന്നു.