തിരുവനന്തപുരം: കൊറോണ വൈറസ് ബാധ(കോവിഡ്19)യുടെ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഹരിയാണ സ്വദേശി കടന്നുകളഞ്ഞു. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ മുങ്ങിയത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.
12.40 ഓടെയാണ് ഇയാള്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. അവിടെനടത്തിയ പ്രാഥമിക പരിശോധനയില്‍ ഇയാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍നിന്ന് ഒ.പി. ടിക്കറ്റ് എടുത്ത് കൂടുതല്‍ പരിശോധനകള്‍ക്കായി മറ്റൊരു കെട്ടിടത്തിലേക്ക് പോകുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന അറ്റന്‍ഡറെ കബളിപ്പിച്ച് കടന്നുകളഞ്ഞത്.
കന്യാകുമാരി അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായാണ് തിരുവനന്തപുരത്ത് എത്തിയതെന്നാണ് ഹരിയാണ സ്വദേശി നല്‍കിയ വിവരം. ഇയാളെ കാണാതായതോടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പോലീസ് പരിശോധിച്ചു. തമ്പാനൂരില്‍ തന്നെ ഇയാളുണ്ടെന്നാണ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.