കൊറോണ വാര്‍ഡില്‍ ജോലി ചെയ്ത നേഴ്സിന്റെ കുറിപ്പ് വൈറല്‍. കൊറോണ ലോകത്തെയാകെ പരിഭ്രാന്തരാക്കി പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയില്‍ തുടക്കമിട്ട മഹാമാരി ഇപ്പോള്‍ ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മരണസംഖ്യ കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയില്‍ മാത്രം ആയിരത്തോളം പേരാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ് ഇറ്റലിയില്‍ നിന്നുള്ള ഒരു നഴ്സ് പങ്കുവച്ച കുറിപ്പ്.
വൈറസിനെ പ്രതിരോധിക്കാന്‍ ധരിക്കുന്ന സംരക്ഷണ വസ്ത്രവും ഉപകരണങ്ങളുമൊക്കെ എത്രത്തോളം ശരീരത്തെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് അലെസ്സിയ ബൊണാരി എന്ന നഴ്സ്. മിലനിലെ ഗ്രോസെറ്റോ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അലെസ്സിയ ഉപകരണങ്ങള്‍ ധരിച്ച് മുറിപ്പാടുകള്‍ ഉണ്ടായ മുഖത്തിന്റെ ചിത്രം സഹിതമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
” ഞാന്‍ ശാരീരികമായി തളര്‍ന്നിരിക്കുന്നു, കാരണം സംരക്ഷണ ഉപകരണങ്ങളെല്ലാം വളരെ മോശമാണ്. കോട്ട് ധരിക്കുന്നതുമൂലം അമിതമായി വിയര്‍ക്കും, ധരിച്ചു കഴിഞ്ഞാല്‍ ആറുമണിക്കൂറോളം വെള്ളം കുടിക്കാനോ ബാത്റൂമില്‍ പോകാനോ കഴിയില്ല. മാനസികമായും ഏറെ തകര്‍ന്നിരിക്കുകയാണ്. ആഴ്ചകളോളമായി സുഹൃത്തുക്കളും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ ഇതൊന്നും ഞങ്ങളുടെ ജോലിക്ക് തടസ്സമാകില്ല.” അലെസ്സിയ കുറിച്ചു.
കണ്ണിനു താഴെയും നെറ്റിയിലും മാസ്ക് ഉരഞ്ഞുണ്ടായ മുറിപ്പാടുകള്‍ ചിത്രത്തില്‍ കാണാം. രാജ്യത്തിലെ പതിനായിരത്തില്പരം കൊറോണ വൈറസ് ബാധിതരെ ചികിത്സിച്ച നഴ്സ് എന്ന നിലയ്ക്ക് തനിക്ക് ഭയമുണ്ടെന്നും അലെസ്സിയ പറയുന്നു. തങ്ങളുടെ പ്രവര്‍ത്തിയെ വിഫലമാക്കരുതെന്നും വീടിനുള്ളില്‍ തന്നെ ഇരിക്കാനും ദുര്‍ബലരായവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനും ശ്രമിക്കണമെന്നും അലെസ്സിയ കുറിക്കുന്നു.