പത്തനംതിട്ടയില്‍ 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്, ഇതില്‍ ഐസൊലേഷനില്‍ നിന്ന് ഓടിപ്പോയ ആളും

പത്തനംതിട്ട: കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ്. കൊറോണ സംശയിക്കുന്ന 33 പേരുടെ സാമ്പിള്‍ റിസള്‍ട്ടാണ് ലഭിക്കാനുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണത്തിന്റെ ഫലം ലഭിച്ചു. ലഭിച്ച 10 എണ്ണത്തിന്റെയും ഫലം നെഗറ്റിവാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ഇവരില്‍ ആറുവയസുള്ള കുട്ടിയും രണ്ടുവയസുള്ള രണ്ട് കുട്ടികളും ഇവരുടെ രക്ഷിതാക്കളുമുണ്ട്. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോയ ആളിന്റെ റിസള്‍ട്ടും നെഗറ്റീവാണെന്ന് അദ്ദേഹം പറഞ്ഞു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴുപേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഇന്നിനി 12 ഫലങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നുണ്ട്. വിദേശത്തുനിന്ന് എത്തിയ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന യുവാവിന്റെ പിതാവ് തിരുവല്ലയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങള്‍ ഇല്ല. മരിച്ചയാള്‍ക്ക് സെപ്റ്റിസീമിയ എന്ന രോഗാവസ്ഥയായിരുന്നുവെന്നാണ് പരിശോധനാ ഫലങ്ങളില്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7