പത്തനംത്തിട്ട: കൊറോണ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഒന്‍പത് പേരും വീടുകളില്‍ 465 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ഒടുവില്‍ പുറത്തുവന്ന പതിമൂന്ന് ഫലവും നെഗറ്റീവ് ആയതിന്റെ നേരിയ ആശ്വാസത്തിലാണ് കോട്ടയം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ഇന്നലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന നാല് പേരാണ് വീടുകളിലേക്ക് മടങ്ങിയത്. ചെങ്ങളത്ത് രോഗബാധ കണ്ടെത്തിയ ദമ്പതികളുടെ സഞ്ചാരപാത പുറത്തു വന്നതിനെ തുടര്‍ന്ന് മുപ്പത്തിയഞ്ച് പേര് ആരോഗ്യ വകുപ്പിനെ സമീപിച്ചു.
ഇതില്‍ മൂന്ന് പേര് അടുത്ത സമ്പര്‍ക്കവും, 20 പേര് പരോക്ഷ സമ്പര്‍ക്കവും പുലര്‍ത്തിയവരാണ്. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയ്ക്ക് അയച്ച 15 സാമ്പിളുകളുടെ ഫലത്തിനായാണ് അധികൃതര്‍ കാത്തിരിക്കുന്നത്.