മംഗളൂരു: കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ ആശുപത്രിയില്‍നിന്ന് മുങ്ങി. മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 35കാരനാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ദുബായില്‍നിന്ന് ഞായറാഴ്ച വൈകുന്നേരമാണ് ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെവെച്ചാണ് ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ചെറിയതോതില്‍ പനി ഉണ്ടായിരുന്ന ഇയാളെ കൊറോണ വൈറസ് ബാധ സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രക്തവും ശരീര സ്രവങ്ങളും അടക്കം പരിശോധനയ്‌ക്കെടുക്കുകയും നീരീക്ഷണത്തില്‍ വെക്കുകയും ചെയ്തു.
ഇതിനിടെ ഇയാളെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കി. എന്നാല്‍ ഇയാളെ പുറത്തുവിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഇയാളെ ആശുപത്രിയില്‍നിന്ന് കാണാതായത്.
ആശുപത്രി അധികൃതരെ വിവരമറിയിക്കാതെ ഇയാള്‍ ചാടിപ്പോവുകയായിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്നും പണ്ടേശ്വര്‍ പോലീസുമായി ചേര്‍ന്ന് ആളെ കണ്ടെത്തി തിരികെയെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും മംഗളൂരു ജില്ലാ കുടുംബ ആരോഗ്യ ക്ഷേമ വകുപ്പ് ഓഫീസര്‍ ഡോ. സിക്കന്ദര്‍ പാഷ വ്യക്തമാക്കി.