ഗവര്‍ണര്‍ ഒറ്റപ്പെടുന്നു; ആരിഫ് ഖാന്റെ വാദം തള്ളി മുന്‍ ഗവര്‍ണര്‍ സദാശിവം

കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഗവര്‍ണറും സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായ പി സദാശിവം. കേന്ദ്ര നിയമത്തിനതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്നായിരുന്നു ആരിഫ് ഖാന്റെ വാദം. എന്നാല്‍ അങ്ങനെ ഗവര്‍ണറെ അറിയിക്കേണ്ട ഭരണഘടന ബാധ്യത സംസ്ഥാന സര്‍ക്കാറിനില്ലെന്ന് പി സദാശിവം പറഞ്ഞു.

ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മര്യാദയെന്ന നിലയില്‍ ഗവര്‍ണറെ ഇത്തരം അവസരങ്ങളില്‍ സര്‍ക്കാരിന് വിവരം അറിയിക്കാം. അദ്ദേഹം ഭരണഘടന പരമായി സംസ്ഥാനത്തിന്റെ തലവനാണ്. ചില നിയമനിര്‍മ്മാണങ്ങള്‍ നടത്തുമ്പോഴും സര്‍ക്കാര്‍ ഗവര്‍ണറെ മര്യാദയുടെ പേരില്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്ന് നിയമപരമായ ബാധ്യത ഇല്ല’ ജസ്റ്റിസ് സദാശിവം പറഞ്ഞു. അങ്ങനെ എല്ലാ കാര്യത്തിലും ഗവര്‍ണറെ സമീപിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മറ്റ് നിയമ വിദഗ്ധരും സദാശിവത്തോട് യോജിച്ചു.

‘ ഗവര്‍ണറെന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയാണ്. കേന്ദ്ര നിയമത്തിനെതിരെ കോടതിയില്‍ സമീപിക്കുമ്പോള്‍ അദ്ദേഹത്തെ മുന്‍കൂട്ടി അറിയിക്കേണ്ട നിയമപരമായ ബാധ്യതകളൊന്നുമില്ല’ മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശരന്‍ പറഞ്ഞു. ഗവര്‍ണറെന്നത് ബദല്‍ അധികാര കേന്ദ്രമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കെ വി വിശ്വാനാഥന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ അധികാരം മന്ത്രിസഭയ്ക്കാണെന്നും ഈ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി പൗരത്വ നിയമ ഭേദഗതിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ 131 -ാം വകുപ്പ് അനുസരിച്ച് സൂട്ട് ഫയല്‍ ചെയ്തത്.

ഇത് തന്നോട് ആലോചിക്കാതെയാണ് ചെയ്തതെന്നും നിയമവിരുദ്ധമാണെന്നുമുള്ള നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചത്. നേരത്തെ ഇതേ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതും ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു. ഇതോടെ സര്‍ക്കാരും ഗവര്‍ണറും പരസ്യ ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഭാഗം വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണറെ കണ്ടിരുന്നു. ഗവര്‍ണറെ ഒഴിവാക്കിയതല്ലെന്ന് അദ്ദേഹം വിശദീകരിച്ചെങ്കിലും വിശദീകരണം തൃപ്തി കരമല്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്താനിരിക്കെയാണ് ഗവര്‍ണര്‍ സര്‍ക്കാരുമായി ഉടക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് പി സദാശിവം കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലവാധി പൂര്‍ത്തിയാക്കി അദ്ദേഹം വിരമിച്ച ഒഴിവിലാണ് ആരിഫ് ഖാന്‍ കേരള ഗവര്‍ണറായത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7