പമ്പ: ആശങ്കകളില്ലാത്ത മണ്ഡലകാലമാണ് ഇത്തവണത്തേതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാട്. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ നിന്ന് തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തിനെത്തിയതായിരുന്നു മന്ത്രി.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ദേവസ്വം ബോര്‍ഡിന് ഉണ്ടായിരിക്കുന്ന സാമ്പത്തിക ബാധ്യത ഇത്തവണ ഭക്തരില്‍ നിന്ന് ലഭിക്കുന്ന നടവരവില്‍ കൂടി പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഭക്തരുടെ വാഹനങ്ങള്‍ ഇത്തവണമുതല്‍ പമ്പയിലേക്ക് കടത്തിവിടുമെന്നും മന്ത്രി വ്യക്തമാക്കി. 200 കെ.എസ്.ആര്‍.ടി.സി ബസുകളാണ് നിലയ്ക്കല്‍- പമ്പ ചെയിന്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇവയില്‍ കണ്ടക്ടര്‍മാര്‍ ഉണ്ടാകും. കഴിഞ്ഞ തവണ ടിക്കറ്റ് എടുക്കേണ്ടത് പമ്പയിലും നിലക്കലും ഏര്‍പ്പെടുത്തിയിരുന്ന കൗണ്ടറില്‍ നിന്നായിരുന്നു. ഇത് ഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതിനാലാണ് കണ്ടക്ടര്‍മാരെ നിയമിച്ച് ടിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചത്. അംഗപരിമിതര്‍ക്കായി പ്രത്യേകം സര്‍വീസുകളും ഇത്തവണ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.