എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്… വരുന്ന 18 ദിനങ്ങള്‍ നിര്‍ണായകം

സുപ്രീംകോടതിയുടെ അടുത്ത 18 പ്രവൃത്തിദിനങ്ങള്‍ ഏറെ നിര്‍ണായകം. നവംബര്‍ 17-ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനുമുമ്പായി അദ്ദേഹം അധ്യക്ഷനായ ബെഞ്ചുകള്‍ കൈകാര്യം ചെയ്ത കേസുകളില്‍ വിധിയുണ്ടാവും. ശബരിമല, റഫാല്‍, ഇ.പി.എഫ്. പെന്‍ഷന്‍ എന്നിവയിലെ പുനഃപരിശോധനാ ഹര്‍ജികളും അയോധ്യ ഭൂമിതര്‍ക്ക കേസും പരിഗണിച്ചത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ്.

ദീപാവലി, ഗുരുനാനക് ജയന്തി ആഘോഷങ്ങളുടെ അവധികള്‍കൂടി വരുന്നതിനാല്‍ നവംബര്‍ 17-നുമുമ്പായി 18 പ്രവൃത്തിദിവസമേയുള്ളൂ. അതില്‍ ആദ്യയാഴ്ചതന്നെ അയോധ്യക്കേസിലെ വാദങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എല്ലാ പ്രവൃത്തിദിവസവും ഈ കേസ് കേള്‍ക്കുന്നുണ്ട്.

പുനഃപരിശോധനാ ഹര്‍ജിയില്‍ വാദംകേട്ട് വിധിപറയാന്‍ മാറ്റിയ രണ്ടുകേസുകളാണ് രാജ്യം ഏറെ ഉറ്റുനോക്കുന്നത്. ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ അമ്പത്തഞ്ചോളം കേസുകളില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റിയിട്ട് എട്ടുമാസം കഴിഞ്ഞു. ഫെബ്രുവരി ആറിനാണ് വാദം കേട്ടശേഷം വിധിപറയാന്‍ മാറ്റിയത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേയുള്ള ഹര്‍ജികളാണിത്.

ഫ്രാന്‍സുമായുള്ള റഫാല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ചതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റിയത് മേയ് 10-നാണ്. പുനഃപരിശോധനാ ഹര്‍ജികളില്‍പ്പോലും വിധിപറയാന്‍ ഇത്രയും മാസങ്ങള്‍നീണ്ട കാലതാമസം അസാധാരണമാണെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.

ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാമെന്നുപറഞ്ഞ് ജൂലായ് 10-നു മാറ്റിവെച്ചതാണ് ഇ.പി.എഫ്. പെന്‍ഷന്‍ കേസ്. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാനുള്ള കേരള ഹൈക്കോടതി വിധിക്കെതിരേ ഇ.പി.എഫ്.ഒ. നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. അതിനെതിരേ ഇ.പി.എഫ്.ഒ. നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് വിധിപറയേണ്ടത്.

ഹൈക്കോടതിവിധിക്കെതിരേ കേന്ദ്രതൊഴില്‍മന്ത്രാലയം നല്‍കിയ ഹര്‍ജിയും പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം തുറന്നകോടതിയില്‍ പരിഗണിക്കാമെന്ന് ജൂലായ് 12-ന് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. പുനഃപരിശോധനാഹര്‍ജി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ഉയര്‍ന്ന ഇ.പി.എഫ്. പെന്‍ഷനുവേണ്ടിയുള്ള തൊഴിലാളികളുടെ കാത്തിരിപ്പ് നീണ്ടുപോയി. എന്നാല്‍, സുപ്രധാനമായ ഈ വിഷയങ്ങളെല്ലാം പരിഗണിച്ചത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചായതിനാല്‍ അദ്ദേഹം വിരമിക്കുന്നതിനുമുമ്പായി ഇവയിലെല്ലാം വിധിപറയേണ്ടിവരും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7