കിംഗ്സ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവുമായി ഹനുമാ വിഹാരി. ക്രിക്കള്‍ ഇന്ത്യയുടെ മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമാവുകയാണ് ഹനുമാ വിഹാരി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ വിഹാരി രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു. ഇതോടെ ഒരു അപൂര്‍വ നേട്ടവും വിഹാരിയെ തേടിയെത്തി.
ബാറ്റിംഗ് ഓര്‍ഡറില്‍ ആറാമതിറങ്ങി ഒരു ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന നേട്ടം. 1990ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ആറാമനായി ഇറങ്ങി ഒരു ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ ആദ്യ ബാറ്റ്‌സ്മാന്‍.
ഒരു ടെസ്റ്റില്‍ തന്നെ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനുമാണ് വിഹാരി. 1962ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പോളി ഉമ്രിഗര്‍ ആണ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. 1967ല്‍ ഇംഗ്ലണ്ടിനെതിരെ ടൈഗര്‍ പട്ടൗഡിയും 1968ല്‍ ഇംഗ്ലണ്ടിനെതിരെ എം എല്‍ ജയ്സിംഹയും ഈ നേട്ടം ആവര്‍ത്തിച്ചു. പിന്നീട് 1990ല്‍ സച്ചിനും ഈ നേട്ടത്തിലെത്തി.
വിഹാരി ഒഴികെയുള്ളവരെല്ലാം ഈ നേട്ടം കൈവരിച്ചത് ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. 1990ല്‍ ഇംഗ്ലണ്ടിനെതിരെ ആറാമനായി ഇറങ്ങിയ സച്ചിന്‍ ആദ്യ ഇന്നിംഗ്‌സില്‍ 68ഉം രണ്ടാം ഇന്നിംഗ്‌സില്‍ 119ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 289 റണ്‍സുമായി വിഹാരിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.