തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ജനങ്ങള്‍ തിരഞ്ഞെടുത്ത എം.പി.മാരെ വിശ്വാസമില്ലെന്നും എം.പി.മാര്‍ക്ക് ഇല്ലാത്ത കഴിവ് മുന്‍ എം.പിക്കുണ്ടോയെന്നും കെ.മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ച എ. സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളില്‍ യുഡിഎഫ് എം. പിമാര്‍ പങ്കെടുക്കില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട എം.പിമാരെ മാറ്റി നിര്‍ത്താനുള്ള നടപടി സമ്പത്തിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യും. സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളില്‍ യുഡിഎഫ് എം.പിമാര്‍ പങ്കെടുക്കണമോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരമായി സമ്പത്തിനെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ഈ പദവി ഏറ്റെടുക്കേണ്ടിയിരുന്നില്ല- മുരളീധരന്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും അതിവേഗത്തില്‍ നേടിയെടുക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറായി ആറ്റിങ്ങല്‍ മുന്‍ എം.പിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍ സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെ നിയമിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.