കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്സാക്ഷി; വെള്ളയമ്പലത്തുവച്ച് എന്നെ ഓവര്‍ടേക്ക് ചെയ്താണ് കാര്‍ വന്നത്; അമിതവേഗത്തിലായിരുന്നു

തിരുവനന്തപുരം: നഗരത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിക്കാനിടയായ അപകടത്തില്‍ കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്സാക്ഷി. തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡ്രൈവറായ ഷഫീക്കാണ് അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

” വെള്ളയമ്പലത്തുവച്ച് എന്നെ ഓവര്‍ടേക്ക് ചെയ്താണ് കാര്‍ വന്നത്. അമിതവേഗത്തിലായിരുന്നു. ഇതിനിടെ കാര്‍ സ്‌കിഡായി ബൈക്കിലിടിക്കുകയായിരുന്നു. സ്ത്രീയും പുരുഷനുമായിരുന്നു കാറിലുണ്ടായിരുന്നത്. പുരുഷനായിരുന്നു ഡ്രൈവിങ് സീറ്റില്‍. ഇയാള്‍ നല്ലരീതിയില്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. വണ്ടി ഓടിച്ച ആള്‍ തന്നെയാണ് മരിച്ചയാളെ ബൈക്കിനിടയില്‍നിന്ന് പുറത്തെടുത്തത്. താന്‍ ഡോക്ടറാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്”- അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ സ്ത്രീയുമായിരുന്നു വാഹനത്തില്‍. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അപകടസമയത്ത് താനല്ല, സുഹൃത്താണ് കാറോടിച്ചതെന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7