തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ കത്തിക്കുത്തും സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ ക്യാമ്പസില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. 18 വര്‍ഷത്തിന് ശേഷമാണ് കെ.എസ്.യു ഇവിടെ യൂണിറ്റ് രൂപീകരിക്കുന്നത്. ഇതുവരെ എസ്.എഫ്.ഐക്ക് മാത്രമായിരുന്നു കോളേജില്‍ യൂണിറ്റ് ഉണ്ടായിരുന്നത്.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരഹാര സമരവേദിയിലാണ് യൂണിറ്റ് പ്രഖ്യാപിച്ചത്. അമല്‍ ചന്ദ്രന് പ്രസിഡന്റായുള്ള കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയാണ് രൂപീകരിച്ചത്.
മുന്നിട്ടിറങ്ങാന്‍ പലര്‍ക്കും ഭയമാണെന്നും യൂണിറ്റ് രൂപീകരിച്ചാല്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു.
എസ്.എഫ്.ഐ പ്രവര്ത്തകന് തന്നെയായ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ ആക്രമിച്ചതോടെ യൂണിവേഴ്സിറ്റി കോളേജ് വലിയ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് വേദിയായിരുന്നു. എസ്എഫ്ഐ യൂണിറ്റിനെതിരെ സംഘടനയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ഇവരെയടക്കം ഒപ്പം നിര്‍ത്തുകയാണ് യൂണിറ്റ് രൂപീകരിച്ചതിലൂടെ കെ.എസ്.യു ലക്ഷ്യമിടുന്നത്.