ചെന്നൈ: ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് കളിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ഓസീസ് താരം. ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫൈനല്‍ കാണാതെ പുറത്തായതിന് പ്രധാനകാരണം മധ്യനിരയിലെ പ്രശ്നങ്ങളായിരുന്നു. നാലാം നമ്പറില്‍ ഇന്നിങ്സ് താങ്ങി നിര്‍ത്തുന്ന ഒരു താരമില്ലാതെ പോയതാണ് ഇന്ത്യയ്ക്ക് വിനയായത്. കെ.എല്‍ രാഹുല്‍, വിജയ് ശങ്കര്‍, ഋഷഭ് പന്ത് എന്നിവരാണ് നാലാം നമ്പറില്‍ കളിച്ചത്. ലോകകപ്പിന് തൊട്ടുമുമ്പ് നാലാം നമ്പറില്‍ കളിച്ചിരുന്ന അംബാട്ടി റായുഡുവിനെ തഴഞ്ഞതും വിവാദങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.
ഇപ്പോള്‍ മധ്യനിരയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരവും കേരള ക്രിക്കറ്റ് ടീം പരിശീലകനുമായി ഡേവ് വാട്മോര്‍. യുവതാരം ശുഭ്മാന്‍ ഗില്ലിനെ നാലാം സ്ഥാനത്ത് കളിപ്പിക്കണമെന്നാണ് വാട്മോര്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു… ”ഇന്ത്യയുടെ നാലാം നമ്പറില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇനി ഭാവിയിലേക്കാണ് നോക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ ആ സ്ഥാനത്ത് കളിക്കാന്‍ യോഗ്യനായ താരം ഗില്ലാണ്. സാങ്കേതികത്തികവുള്ള താരമാണ് ഗില്‍. എല്ലാ ഷോട്ടുകളും കളിക്കാന്‍ അദ്ദേഹത്തിന് കഴിയും. നാലാം നമ്പറില്‍ തിളങ്ങാന്‍ ഗില്ലിന് സാധിക്കും.” വാട്മോര്‍ പറഞ്ഞു നിര്‍ത്തി.
ലോകകപ്പ് ഫൈനലിലെ സൂപ്പര്‍ ഓവറും ടൈ ആയതിനാല്‍ ട്രോഫി പങ്കുവയ്ക്കണമായിരുന്നുവെന്നും വാട്മോര്‍ കൂട്ടിച്ചേര്‍ത്തു.